ബസ്​സ്​റ്റാൻഡ്​ തുടങ്ങാനിരുന്ന പുത്തന്‍ചന്തയിൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും

മുണ്ടക്കയം: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് തുടങ്ങാൻ നിർമാണം നടത്തിയിടത്ത് കെ.എസ്.ഇ.ബി ഓഫിസും ജല അതോറിറ്റി ഓഫിസും ഇനി പ്രവർത്തിക്കും. അഞ്ചുവർഷം മുമ്പ് മുൻ സർക്കാറിൻെറ കാലത്താണ് മുണ്ടക്കയം പുത്തൻചന്ത കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പി.സി. ജോർജ് എം.എൽ.എ പ്രഖ്യാപിച്ചത്. പഞ്ചായത്ത് 70 സൻെറ് ഭൂമിയും അതിലെ മൂന്നുമുറി കെട്ടിടവും ബസ്സ്റ്റാൻഡിന് വിട്ടുനൽകി. എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിക്കുകയും സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടക്കം വിശാല സൗകര്യത്തോടെ കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇതിനിടെ സർക്കാർ മാറുകയും എം.എൽ.എ സ്വതന്ത്രനാവുകയും ചെയ്തതോടെ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. പ്രവേശന കവാടത്തിന് തടസ്സമായ കെട്ടിടം പൊളിച്ചുനീക്കാത്തതാണ് ഉദ്ഘാടനം മുടക്കുന്നതെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് ആരംഭിക്കാത്തത് ഏറെ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്ക് പുതിയ സ്റ്റാൻഡ് അനുവദിക്കാനാവിെല്ലന്ന് എം.എൽ.എ അറിയിച്ചത്. പകരം പൈങ്ങണയിലെ കെ.എസ്.ഇ.ബി ഓഫിസും വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ജല അതോറിറ്റി ഓഫിസും ഇങ്ങോട്ടു മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു. അഞ്ചുവർഷമായി ഉദ്ഘാടനം കാത്തുകിടക്കുന്ന പഞ്ചായത്തുവക സ്ഥലം തിരികെ വിട്ടുതരണമെന്ന് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടാനിരിക്കെയാണ് പുതിയ തീരുമാനം. ബൈപാസിലൂടെ എത്തുന്ന ദീർഘദൂര ബസുകൾ അടക്കം പുത്തൻചന്തയിലെത്തി പോവുകയെന്ന ലക്ഷ്യത്തിലായിരുന്നു സ്റ്റാൻഡ് കൊണ്ടുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.