പാലാരിവട്ടം പാലം: ഏത്​ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു -ഉമ്മൻ ചാണ്ടി

പാലാ: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണമെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനഃസാക്ഷിയുടെ ശക്തിയിലാണ് ഇത് പറയുന്നതെന്നും പാലായിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കോടിയേരിയുടെ രാഷ്ട്രീയ മുതലെടുപ്പ് തൻെറയടുത്ത് വിലപ്പോകില്ലെന്ന് പാലാരിവട്ടം കേസിൽ ഉമ്മൻ ചാണ്ടിക്കും രക്ഷപ്പെടാൻ കഴിയില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രകോപനപരമായ പ്രസ്താവനയിറക്കി ആർക്കെങ്കിലുമെതിരെ പ്രതികരിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ വിജയിക്കില്ല. കേസുമായി ബന്ധപ്പെട്ട് ആരെയും തള്ളിപ്പറയില്ല. കരാറുകാരന് മുൻകൂര്‍ പണം നൽകിയത് അടക്കം തീരുമാനങ്ങൾ മന്ത്രിസഭ യോഗത്തിേൻറതാണ്. പണി സമയബന്ധിതമായി തീര്‍ക്കാൻ അത്തരത്തിൽ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്. മൂന്നരക്കൊല്ലമായി ഇടതുസർക്കാർ ഏതെങ്കിലും ഒരു കാര്യത്തിൽ നടപടി എടുത്തിട്ടില്ല. യു.ഡി.എഫ് സർക്കാർ എടുത്ത 700 തീരുമാനങ്ങൾ മരവിപ്പിച്ചു. ഇതിൽ 106 എണ്ണത്തിൻെറ തീരുമാനം സംശയമുെണ്ടന്ന് പറഞ്ഞ് മന്ത്രി എ.കെ. ബാലൻ ചെയർമാനായ മന്ത്രിസഭ ഉപസമിതി നൽകിയ റിപ്പോർട്ട് പരിശോധിച്ചിട്ടും ഒരു വിജിലൻസ് കേസുപോലും എടുക്കാനായില്ല. ഏതെങ്കിലും വിഷയത്തിൽ യു.ഡി.എഫ് രാഷ്ട്രീയമായി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.