ഓണവിഭവങ്ങളുമായി ആചാരപ്പെരുമയിൽ 'അകമ്പടിത്തോണി' പുറപ്പെട്ടു

കോട്ടയം: ആചാരപ്പെരുമയിൽ കുമാരനല്ലൂർ മങ്ങാട്ട് നാരായണ ഭട്ടതിരി ചുരുളന്‍വള്ളത്തിൽ ആറന്മുളയിലേക്ക് പുറപ്പെട്ടു. തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി പോകുന്ന തിരുവോണത്തോണിയുടെ അകമ്പടിത്തോണിയായാണ് ചുരുളൻവള്ളം പോകുന്നത്. പൂജകള്‍ക്കുേശഷം ഞായറാഴ്ച ഉച്ചക്ക് 12ന് കുമാരനല്ലൂർ മങ്ങാട്ട് കടവില്‍നിന്നാണ് ഭട്ടതിരിയും മൂന്ന് തുഴച്ചിലുകാരും യാത്രയായത്. മുന്നോടിയായി കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ചതുര്‍ദശം വഴിപാടും വിതരണം നടത്തി. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ കൗൺസിലർ ഗോപകുമാർ തുടങ്ങിയ പ്രതിനിധികളും പതിവുതെറ്റിക്കാതെ ദേശക്കാരും ആചാരനുഷ്ഠാനങ്ങൾക്ക് സാക്ഷ്യംവഹിക്കാനെത്തി. കഴിഞ്ഞവർഷം പ്രളയമായതിനാൽ തോണി ഉപേക്ഷിച്ച് കാറിലാണ് മങ്ങാട്ട് ഭട്ടതിരി യാത്ര നടത്തിയത്. കുമാരനല്ലൂരില്‍നിന്ന് കാട്ടൂര്‍കടവില്‍ വരെ ചുരുളന്‍ വള്ളത്തിെലത്തി അവിടെനിന്ന് തിരുവോണത്തോണിയിലാണ് യാത്ര. ഇതോടെ കുമാരനല്ലൂരില്‍നിന്നുള്ള വള്ളം അകമ്പടിയായി മാറും. മീനച്ചിലാറും വേമ്പനാട്ടുകായലും പമ്പാനദിയും പിന്നിട്ട് ആറന്മുള സത്രക്കടവിലെത്തും. രാത്രി സത്രത്തില്‍ വിശ്രമിച്ച് ഉത്രാടം പുലര്‍ച്ച കാട്ടൂരിലേക്ക് തിരിക്കും. അവിടെനിന്ന് കാട്ടൂര്‍കരയിലെ 18 തറവാടുകളില്‍നിന്നുള്ള പ്രതിനിധികള്‍ ഭട്ടതിരിക്കൊപ്പം ചേരും. തിരുവോണസദ്യക്ക് അരിയും പച്ചക്കറികളും മറ്റും തിരുവോണത്തോണിയില്‍ കയറ്റും. കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളുമുണ്ടാകും. തിരുവോണനാൾ പുലർച്ച തോണി ആറന്മുള മധുകടവിലെത്തും. തുടര്‍ന്ന്‌ തിരുവോണത്തോണിയിലെ അരിയും പച്ചക്കറികളും മറ്റും ക്ഷേത്രത്തിലെത്തിക്കും. ഈ സാധനങ്ങള്‍ ഉപയോഗിച്ചാണ്‌ ആറന്മുള ശ്രീപാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുക. തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന ഭട്ടതിരി അത്താഴപൂജക്കുശേഷം മിച്ചം പണക്കിഴി ഭഗവാൻെറ ഭണ്ഡാരത്തില്‍ സമര്‍പ്പിച്ചാണ് മടങ്ങുക. കുമാരനല്ലൂര്‍ മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യമായി കിട്ടിയതാണ് ഈ അവകാശം. മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുള കാട്ടൂർ ദേശത്തായിരുന്നു. പിന്നീട് കോട്ടയത്തിനടുത്ത് കുമാരനല്ലൂരില്‍ താമസമായതോടെയാണ് 'തോണിയാത്ര' ഇവിടെനിന്നാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.