ആറന്മുളക്ഷേത്രത്തിൽ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം

പൊൻകുന്നം: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യക്ക് വിളമ്പാനുള്ള പാളത്തൈര് ചേനപ്പാടി കരക്കാർ വ്യാ ഴാഴ്ച സമർപ്പിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും വള്ളപ്പാട്ടിൽ ഇടംനേടിയതുമായ ചടങ്ങ് വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ ചേനപ്പാടി പാർഥസാരഥി ഭക്തജന സമിതിയാണ് നിർവഹിക്കുന്നത്. ചേനപ്പാടി ഗ്രാമത്തിൽനിന്നും സമീപങ്ങളിൽനിന്നും ഭക്തർ വഴിപാടായി എത്തിക്കുന്നതും വാഴൂർ തീർഥപാദാശ്രമത്തിലെ ഗോശാലയിൽ തയാറാക്കുന്നതുമായ 1500 ലിറ്ററോളം തൈരാണ് കൊണ്ടുപോകുന്നത്. ഇടക്കാലത്ത് നിലച്ചുപോയ ആചാരം ആറന്മുള പള്ളിയോട സേവാസമിതിയുടെ നിർദേശപ്രകാരം പുനരാരംഭിച്ചതാണ്. ചെറിയമഠത്തിൽ കേളുച്ചാർ രാമച്ചാരും കുളഞ്ഞിയിൽ പാച്ചുനായരും അവരുടെ ഉറ്റ സ്‌നേഹിതരും ചേർന്നാണ് ആറന്മുളക്ക് തൈര് കൊണ്ടുപോകുന്ന ചടങ്ങ് തുടങ്ങിയത്. വള്ളത്തിലായിരുന്നു അന്ന് ഇവരുടെ യാത്ര. ചേനപ്പാടിയിൽനിന്ന് മണിമലയാറ്റിലൂടെ തിരുവല്ല പുളിക്കീഴ് വഴി പമ്പയാറ്റിൽ എത്തിയാണ് ഇവർ സമർപ്പണം നടത്തിയിരുന്നത്. വ്രതനിഷ്ഠയോടെ ഭക്തർ പാളകൊണ്ടുള്ള പാത്രങ്ങളിലായിരുന്നു തൈര് തയാറാക്കിയിരുന്നത്. നിരവധി വാഹനങ്ങളിലായാണ് ഭക്തർ ചേനപ്പാടിയിൽനിന്ന് ആറന്മുളക്ക് ഘോഷയാത്ര നടത്തുന്നത്. പള്ളിയോട സേവാസംഘവും ദേവസ്വം ഭാരവാഹികളും ചേർന്ന് ആറന്മുള ക്ഷേത്രത്തിൻെറ കിഴക്കേനടയിൽ ചേനപ്പാടിക്കാരെ സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ രാജപ്പൻ നായർ കോയിക്കൽ, പി.പി. വിജയകുമാർ, സോമൻ ആര്യശേരിൽ, സുരേഷ് നാഗമറ്റത്തിൽ, ദീപക് സുരേഷ്, വിജയകുമാർ നടുവിലേത്ത്, ജയകൃഷ്ണൻ കുറ്റിക്കാട്ട്, രഞ്ജൻ കുന്നേപ്പറമ്പിൽ, ശശിധരൻ നായർ ഹരിവിഹാർ, സി.കെ. മോഹൻദാസ്, എം. ഹരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.