വലിച്ചെറിയേണ്ടതല്ല പേനകള്‍... വിദ്യാർഥികൾക്കിടയിൽ പെന്‍ ഫ്രണ്ട്‌സ് പദ്ധതി

തൊടുപുഴ: ഹരിതകേരളം ജില്ല മിഷന്‍ വിദ്യാലയങ്ങളില്‍ പെന്‍ ഫ്രണ്ട്‌സ് പദ്ധതി തയാറാക്കുന്നു. സ്‌കൂളുകളിലും കോളജുകളിലും പ്രകൃതി സൗഹൃദ പെട്ടികള്‍ സ്ഥാപിച്ച് ഉപയോഗിച്ച് ഉപേക്ഷിച്ച പേനകള്‍ സമാഹരിക്കുന്നതാണ് പരിപാടി. ഈ പേനകള്‍ പുനഃചംക്രമണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹരിതകേരളം മിഷൻെറ ടാസ്‌ക്‌ഫോഴ്‌സ് യോഗ തീരുമാനപ്രകാരമാണ് പരിപാടി. ആഗസ്റ്റ് ഒന്നുമുതല്‍ 10വരെ തീയതികളിലാണ് പരിപാടി നടത്തുക. സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്‌സ്, എന്‍.എസ്.എസ്, എൻ.സി.സി, സ്‌കൗട്സ് ആൻഡ് ഗൈഡ്‌സ് എന്നിവർ മേല്‍നോട്ടം വഹിക്കും. സ്‌കൂളുകളില്‍നിന്ന് ശേഖരിച്ച ഉപയോഗം കഴിഞ്ഞ പേനകള്‍ 12, 13 തീയതികളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെത്തിക്കും. അവിടെ നിന്ന് ജില്ല ഹരിതകേരളം മിഷന്‍ ഏറ്റുവാങ്ങി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. സി.ബി.എസ്.ഇ സ്‌കൂളുകളും ഈ മാലിന്യനിര്‍മാർജന പരിപാടിയില്‍ പങ്കാളികളാകുമെന്ന് ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ.ജി.എസ്. മധു അറിയിച്ചു. വിദ്യാര്‍ഥികള്‍ ആഴ്ചയില്‍ ശരാശരി മൂന്നുമുതല്‍ അഞ്ചുവരെ പേനകള്‍ ഉപയോഗിച്ച് കളയുന്നതായാണ് കണക്ക്. സ്‌കൂളുകളിലെ എല്ലാ എസ്.പി.സി കാഡറ്റ് യൂനിറ്റുകള്‍ക്കും പെന്‍ ഫ്രണ്ട്‌സ് പരിപാടി വിജയിപ്പിക്കുന്നതിന് നിർദേശം നല്‍കിയതായി ജില്ല അസി.നോഡല്‍ ഓഫിസര്‍ എസ്.ആര്‍. സുരേഷ് ബാബു പറഞ്ഞു. എല്ലാ എന്‍.എസ്.എസ് വളൻറിയർമാരും പങ്കാളികളാകുമെന്ന് ജില്ല കോഓഡിനേറ്റര്‍ ഡോ. പി.ആര്‍. സതീഷ് അറിയിച്ചു. ഇടുക്കി, സെന്‍ട്രല്‍ കേരള സഹോദയകളില്‍ അംഗങ്ങളായ എല്ലാ സ്‌കൂളുകളുകളും ഈ മാലിന്യവിരുദ്ധ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകുമെന്ന് ഭാരവാഹികളായ ജോസ് ജെ. പുരയിടം, ബോബി ജോസഫ് എന്നിവര്‍ അറിയിച്ചു. ഇതു സംബന്ധിച്ച നിർേദശം സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.