ലോട്ടറി വിൽപനക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം തലയിൽ മാരക മുറിവ്​; ഒരാൾ കസ്​റ്റഡിയിൽ

ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപനക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മരണം തലയിലേറ്റ മാരക മുറിവിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കല്ലോ സമാനമായ ഭാരമേറിയ വസ്തുവോ ഉപയോഗിച്ച് ഇടിച്ചപ്പോഴോ മറിഞ്ഞു വീണ് തലയിടിച്ചപ്പോഴോ ഉണ്ടായതിന് സമാനമായ പരിക്കാണ് തലയിലേത് എന്നാണ് പ്രാഥമിക സൂചന. ഇതോടെ ഇവരെ െകാലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മയെ (55) മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായതിനാൽ, മരിച്ചത് ഇവർ തന്നെയാണെന്ന് ഉറപ്പിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്താനാണ് പൊലീസ് തീരുമാനം. ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാനായി തിങ്കളാഴ്ച ആശുപത്രിയിലെത്താൻ ഇവരുെട മകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പൊന്നമ്മയുടെ പക്കൽനിന്ന് പണം തട്ടിയെടുക്കാൻ പദ്ധതി തയാറാക്കിയ കൊലപാതകി, ഇവരെ തന്ത്രപൂർവം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുെന്നന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ എത്തിച്ച ശേഷം കരിങ്കല്ല് ഉപയോഗിച്ച് തലക്ക് അടിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. എന്നാൽ, രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സംഭവസ്ഥലത്തുനിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. നടന്നുപോയപ്പോൾ വീണാലും സമാന പരിക്കുകളുണ്ടാകാം. ഈ സാധ്യതയും പൊലീസ് തള്ളുന്നില്ല. പണത്തെച്ചൊല്ലി പൊന്നമ്മയും മെഡിക്കൽ കോളജ് ആശുപത്രിയിൽ അലഞ്ഞു നടക്കുന്ന ആളും തമ്മിൽ നേരേത്ത തർക്കം ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പൊന്നമ്മയുടെ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നതായും കൈയിൽ പണവും ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നെന്നും മകൾ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പൊലീസ് സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ബാങ്കുകളിലും പരിശോധന നടത്തി. സ്വർണം പണയംവെച്ചിട്ടുണ്ടോയെന്ന് കെണ്ടത്തനാണിത്. ചോദ്യം ചെയ്യൽ അത്യാധുനിക അന്വേഷണ മുറിയിൽ കോട്ടയം: ലോട്ടറി വിൽപനക്കാരിയുടെ മരണത്തിൽ സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തയാളുടെ ചോദ്യം ചെയ്യൽ കരുതലോടെ. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൻെറ പശ്ചാത്തലത്തിൽ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ കാര്യത്തില്‍ ജാഗ്രത വേണമെന്നു ജില്ല പൊലീസ് മേധാവി ഗാന്ധിനഗർ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ചോദ്യം ചെയ്യൽ ഏറ്റുമാനൂരിലെ അത്യാധുനിക അന്വേഷണ മുറിയിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്തയാളുടെ ആരോഗ്യസ്ഥിതി മോശമാണെന്നതും കരുതലിന് പൊലീസിനെ പ്രേരിപ്പിക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയില്‍ മാത്രമാണ് ചോദ്യം ചെയ്യൽ. കഠിനമായ രീതികളിലേക്ക് നീങ്ങാത്തതിനാൽ ചോദ്യം ചെയ്യൽ നീളുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.