ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം

കോട്ടയം: അവസാനമണിക്കൂറിൽ ആവേശം വാനോളമുയർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. കോട്ടയം നഗരത്തിൽ തിരുനക്കര മൈതാനത്തെ ഗാന്ധി പ്രതിമക്ക് സമീപത്തായിരുന്നു മൂന്നുമുന്നണി സ്ഥാനാർഥികളും ജില്ല-സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പരിസമാപ്തി കുറിച്ചത്. മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിനു പ്രവർത്തകരും ചടങ്ങിൽ ആവേശപൂർവം പങ്കെടുത്തു. ജില്ലയിലെ എല്ലാനിയോജക മണ്ഡലാസ്ഥാനങ്ങളിലും കലാശക്കൊട്ട് അരങ്ങേറി. പ്രചാരണ വാഹനങ്ങൾ നിരത്തി പാരഡി ഗാനങ്ങളും വാദ്യഘോഷങ്ങളും ആർപ്പുവിളികളും പുഷ്പവൃഷ്ടിയുമൊക്കെ നടത്തിയായിരുന്നു പലയിടത്തും പ്രചാരണം അവസാനിപ്പിച്ചത്. പലകേന്ദ്രങ്ങളിലും പലപ്പോഴും ആവേശം പരിധിവിട്ടെങ്കിലും നേതാക്കളുടെയും പൊലീസിൻെറയും സമയോചിത ഇടപെടൽ സംഘർഷസാധ്യത ഇല്ലാതാക്കി. മുൻകൂട്ടി തയാറാക്കിയ ഷെഡ്യൂൾ അനുസരിച്ച് മൂന്നുമുന്നണിയും അനുവദിച്ച പോയൻറുകളിൽ നിലയുറപ്പിച്ചതും സംഘർഷം ഇല്ലാതാക്കി. കോട്ടയത്ത് വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധികം പൊലീസിനെയും വിന്യസിച്ചിരുന്നു. പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയിൽ ഇടതുപ്രവർത്തകർ തടഞ്ഞത് നേരിയസംഘർഷം സൃഷ്ടിച്ചു. എന്നാൽ, പൊലീസും നേതാക്കളും ഇടപെട്ട് വാഹനം തടഞ്ഞവരെ നീക്കി. പത്തനംതിട്ട മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയത്തെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും സമാപനം മൂന്നുമുന്നണികളും ഗംഭീരമാക്കി. ഏറ്റുമാനൂരും പാലാ, ഈരാറ്റുപേട്ട, വൈക്കം, കടുത്തുരുത്തി, പുതുപ്പള്ളി എന്നിവടങ്ങളിലും നൂറുകണക്കിനു പ്രവർത്തകർ കൊട്ടിക്കലാശത്തിൽ അണിനിരന്നു. ബി.എസ്.പിയും നിരവധി പ്രവർത്തകരുമായി കലാശക്കൊട്ടിൽ അണിചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.