വയോധികയുടെയും മകളുടെയും മരണം: കാരണം തലക്കേറ്റ ക്ഷതം

മുണ്ടക്കയം: വയോധികയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം തലക്കേറ്റ ക്ഷതം. കൂട്ടിക്കൽ പ്ലാ പ്പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിലമ്പികുന്നേൽ തങ്കമ്മ കുട്ടപ്പൻ (79), മകൾ സിനിമോൾ (45) എന്നിവരുടെ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായാണ് സൂചന. കോട്ടയം മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രഫസർമാരായ ഡോ. ജോർജ്കുട്ടി, ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. തങ്കമ്മയുടെയും സിനിയുടെയും തലയോട്ടിയിലും സിനിയുടെ വാരിയെല്ലിലും പൊട്ടലുണ്ട്. ഇതെങ്ങനെയെന്ന വിവരം വ്യക്തമല്ല. വീഴ്ചയിലുണ്ടായതാണോ തലക്ക് അടിച്ചതാണോയെന്നത് അന്വേഷിക്കണം. എന്നാൽ, വീട്ടിൽ അക്രമം നടന്നത് സംബന്ധിച്ച ലക്ഷണങ്ങളും മോഷണം നടന്നതായ വിവരവും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. മുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സ്വർണം ഉണ്ടായിരുന്നോയെന്ന് ബന്ധുക്കൾക്കും അറിയില്ല. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി മധുസൂദനൻ 'മാധ്യമ'ത്തോട് പറഞ്ഞു. എങ്ങനെ സംഭവിച്ചതാണെന്ന് അന്വേഷിക്കും. ഔദ്യോഗികമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷിക്കും. ഇരുവരുടെയും സംസ്കാരം മുട്ടമ്പലം പൊതുശ്മശാനത്തിൽ നടന്നു. കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്.പി മധുസൂദനൻ, സി.ഐ ബൈജു കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്ലാപ്പള്ളിയിലെ വീട്ടിലെത്തി അന്വേഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.