കോട്ടയത്ത്​ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ -തോമസ്​ ചാഴികാടൻ

കോട്ടയം: യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് കോട്ടയത്ത് മത്സരമെന്ന് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. എൻ.ഡി.എക്ക് മണ്ഡലത്തിൽ ചലനമൊന്നും സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലത്തിൽ യു.ഡി.എഫ് വൻ വിജയം നേടും. കഴിഞ്ഞ തവണ ജോസ് കെ. മാണിക്ക് ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ലബിൻെറ 'മുഖാമുഖം' പരിപാടിയിൽ പറഞ്ഞു. പ്രചാരണത്തിൽനിന്ന് ജോസഫ് വിഭാഗം മാറിനിന്നിട്ടില്ല. പാർട്ടിയും യു.ഡി.എഫും ഒറ്റക്കെട്ടായാണ് പ്രചാരണത്തിൽ മുന്നേറുന്നത്. കടുത്തുരുത്തിയിൽ മുഴുവൻ സമയ പ്രചാരണത്തിന് മോൻസ് ജോസഫും പ്രവർത്തകരുമുണ്ട്. മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത പി.ജെ. ജോസഫ് എല്ലാ നിയോജക മണ്ഡലത്തിലും പ്രചാരണത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ചാഴികാടൻ പറഞ്ഞു. ജോസ് കെ. മാണി മണ്ഡലത്തെ അനാഥമാക്കി പോയെന്ന പ്രചാരണം ശരിയല്ല. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷവും കോട്ടയം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. രാജ്യസഭയിലെത്തിയ ശേഷം മണ്ഡലത്തിൽ അദ്ദേഹം 27 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. റബ്‌കോയെ മുന്നോട്ടു നയിക്കാൻ കഴിയാത്തവരാണ് സിയാൽ മോഡൽ റബർ കമ്പനി കൊണ്ടുവന്ന് റബർ കർഷകരെ രക്ഷിക്കുമെന്നു പറയുന്നത്. സിയാൽ മോഡൽ പ്രഖ്യാപിച്ചിട്ടു മൂന്നു വർഷമായെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. റബർ കർഷകർക്കായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജു പോലും സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല. ഇടതുപക്ഷം കോട്ടയത്തുൾപ്പെടെ വികസനം നടപ്പാക്കുന്നതിൽ തടസ്സം നിൽക്കുകയാണെന്നും ചാഴികാടൻ ആരോപിച്ചു. എം.പിയായാൽ മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചു വിദഗ്ധരുമായി ആലോചിച്ച് പദ്ധതികൾ രൂപവത്കരിക്കും. കർഷകർക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകുന്ന പദ്ധതികൾക്കു മുൻതൂക്കം നൽകും. എറണാകുളത്തിൻെറ വികസനത്തിൻെറ പ്രയോജനം ജില്ലക്കും ലഭിക്കുന്ന പദ്ധതികൾ രൂപവത്കരിക്കും. മെഡിക്കൽ കോളജ് ആശുപത്രിയെ കുട്ടികളുടെ ആശുപത്രി, ഡൻെറൽ കോളജ് എന്നിവയെ ഉൾപ്പെടുത്തി എയിംസ് മാതൃകയിൽ വികസിപ്പിക്കുമെന്നും ചാഴികാടൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.