വിവാദ ഭൂമി ഉപേക്ഷിക്കാൻ ജോയ്​സ്​ ​േജാർജ്​ എം.പി ആലോചിക്കുന്നു -മന്ത്രി എം.എം. മണി

ഇടുക്കി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൊട്ടക്കാമ്പൂര്‍ ഭൂമി ഉപേക്ഷിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പിയും കുടുംബവും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എം.എം. മണി. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമതീരുമാനം സ്വീകരിച്ചോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയ്സ് ജോര്‍ജി​െൻറ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിലയ്ക്ക് വാങ്ങിയ ഭൂമിയായിരുന്നു ഇത്. അന്ന് അതിന് പട്ടയം ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ എല്ലാമുണ്ടായിരുന്നു. പിന്നീട് അത് മക്കള്‍ക്ക് വീതംവെച്ച് നല്‍കിയപ്പോള്‍ ഒരു വീതം ജോയ്സിനും ലഭിക്കുകയായിരുന്നു. പിന്നീടാണ് ഇത് വിവാദഭൂമിയായതെന്ന് മന്ത്രി പറഞ്ഞു. ജോയ്സിന് ഇവിടെ ഭൂമിയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ക്കും ഞങ്ങള്‍ക്കും അറിയാമായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നപ്പോള്‍ അത് സംബന്ധിച്ച് ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. അദ്ദേഹം എം.പിയായപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഈ വിഷയം വിവാദമാക്കുന്നത് ജോയ്സിനെ രാഷ്ട്രീയമായി തകര്‍ക്കാനാണെന്ന് മണി കുറ്റപ്പെടുത്തി. നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ ആരോഗ്യസുരക്ഷ പദ്ധതി ഉദ്ഘാടനം െചയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃതമായി കൈവശംവെച്ചിരിക്കുന്നതായി കണ്ടെത്തി ദേവികുളം സബ്കലക്ടർ റദ്ദാക്കിയ പട്ടയത്തിൽ വരുന്ന ഭൂമി സംബന്ധിച്ചാണ് മന്ത്രി മണിയുടെ പ്രസ്താവന. കൊട്ടക്കാമ്പൂരിൽ എം.പിയുടെയും കുടുംബാംഗങ്ങളുടെയും 20 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. പട്ടയം റദ്ദാക്കിയ വിഷയത്തിൽ, എം.പിയുടെ ഭാഗം വിശദീകരിക്കാന്‍ വീണ്ടും അവസരം നൽകി നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം കലക്ടർ നിർദേശിച്ചിരുന്നു. എം.പി നൽകിയ അപ്പീലിലായിരുന്നു നിർദേശം. ഇതേതുടർന്ന് ജൂലൈ 24ന് രേഖകളുമായി ഹാജരാകാന്‍ എം.പിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സബ്കലക്ടർ. അതിനിടെയാണ് മന്ത്രി ഇൗ വിഷയത്തിൽ ഇടപെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതേസമയം, മന്ത്രി മണിയുടെ പ്രസ്താവനയോട് എം.പിയോ കുടുംബമോ പ്രതികരിക്കാൻ തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.