പീഡനക്കേസിൽ ആശ്വാസഭവൻ ഡയറക്‌ടർ വീണ്ടും അറസ്​റ്റിൽ

കോട്ടയം: പീഡനക്കേസിൽ പാമ്പാടി ആശ്വാസഭവൻ ഡയറക്‌ടർ ജോസഫ് മാത്യു (58) വീണ്ടും അറസ്റ്റിൽ. ആശ്വാസഭവൻ അന്തേവാസികളായിരുന്ന നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഇടുക്കി സ്വദേശിയായ മറ്റൊരു അന്തേവാസിയെ പീ‌ഡിപ്പിച്ച കേസിൽ നേരേത്ത ഇയാൾ റിമാൻഡിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ജൂലൈ 27നാണ് ജോസഫിനെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ മൂന്നുമാസത്തോളം റിമാൻഡിൽ കഴിഞ്ഞ ജോസഫ് നവംബർ ആദ്യത്തോടെ ജാമ്യത്തിലിറങ്ങി. ഇതിനുപിന്നാലെയാണ് വീണ്ടും ഇയാൾ കുടുങ്ങിയത്. മാതാപിതാക്കൾ നഷടപ്പെട്ടവരെയും തടവുപുള്ളികളുടെ മക്കളെയും സംരക്ഷിക്കുന്ന കേന്ദ്രമെന്ന നിലയിലാണ് പാസ്റ്റർ കൂടിയായിരുന്ന ജോസഫ് മാത്യു പാമ്പാടി കേന്ദ്രീകരിച്ച് ആശ്വാസഭവന് രൂപം നൽകിയത്. പീഡനമടക്കം ഗുരുതര ആരോപണങ്ങൾ ഉയർന്നതോടെ ആശ്വാസഭവൻ അടച്ചുപൂട്ടിയ അധികൃതർ, കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ കുട്ടികളിൽ ചിലർക്ക് സ്വഭാവവൈകല്യത്തെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നിരീക്ഷിച്ചശേഷം കൗൺസലിങ്ങിന് വിധേയരാക്കി. ഇതോടെയാണ് കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം തുറന്നുപറഞ്ഞത്. കഴിഞ്ഞവര്‍ഷം ആദ്യം ആശ്വാസഭവനില്‍ ബലാത്സംഗത്തിന് ഇരയായെന്നാണ് പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈനിന് മൊഴിനല്‍കിയത്. പരാതി പൊലീസിന് കൈമാറി. തുടർന്ന് പാമ്പാടി സി.ഐ യു. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ നാലു കുട്ടികളുടെയും മൊഴി വെവ്വേറെ എടുത്ത് ജോസഫിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ ജോസഫ് മാത്യു ഒളിവില്‍ പോയി. പൊലീസ് അന്വേഷണം സജീവമായതോടെ ഇയാൾ ബുധനാഴ്ച ഉച്ചയോടെ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.