ജില്ല സമ്മേളനത്തിന് കറുകച്ചാലിൽ കൊടിയേറി; ജില്ലയിലെ സി.പി.എമ്മിന് ഇടതുപക്ഷ വ്യതിയാനമെന്ന് സി.പി.ഐ റിപ്പോർട്ട്

കോട്ടയം: സി.പി.എമ്മിന് ഇടതുപക്ഷവ്യതിയാനമെന്ന് സി.പി.ഐ കോട്ടയം ജില്ല സമ്മേളന റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. ബുധനാഴ്ച കറുകച്ചാൽ ശ്രീനികേതൻ ഓഡിറ്റോറിയത്തിൽ ചേരുന്ന ജില്ല സമ്മേളന പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് രൂക്ഷവിമർശനം. അഴിമതിക്കാരായ വലതുപക്ഷ പാർട്ടികളുമായി സന്ധിചേരാനുള്ള നീക്കം ഇതി​െൻറ തെളിവായി ഉദാഹരിക്കുന്നു. കെ.എം. മാണിയെ കൂടെക്കൂട്ടാനുള്ള നീക്കത്തെ ചെറുക്കേണ്ടതി​െൻറ അനിവാര്യതയും റിപ്പോർട്ടിലുണ്ട്. സി.പി.എം ജില്ല സമ്മേളനം കെ.എം. മാണിക്ക് അനുകൂലമായ നിലപാട് എടുത്തിനെയും പരിഹാസത്തോടെ സൂചിപ്പിക്കുന്നു. ജില്ലയിലെ സി.പി.എം നേതാക്കളുടെ പാർലമ​െൻററി മോഹമാണ് ഇതിനു പിന്നിൽ. സി.പി.ഐക്ക് വേരോട്ടമുള്ള ജില്ലയിലെ മണ്ഡലങ്ങൾ കൈക്കലാക്കാനുള്ള നീക്കമാണ് സി.പി.ഐയുടെ ശക്തിക്ഷയിച്ചതായി ആരോപിക്കുന്നതിന് പിന്നിൽ. ഇതിനെ ചെറുക്കാൻ കൂടുതൽ ശക്തമായ സംഘടനപ്രവർത്തനം ഉണ്ടാകണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സീറ്റ് കുറയാൻ കാരണം സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമാണ്. കോട്ടയം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ തോൽവി ചൂണ്ടിക്കാട്ടിയാണ് ഈ പരാമർശം. വൈക്കം കൂടാതെ സി.പി.ഐ മത്സരിച്ച കാഞ്ഞിരപ്പള്ളി സീറ്റിൽ നിലവിലെ മുന്നണി സംവിധാനത്തിൽ ജയിക്കാൻ കഴിയുമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ഈ മണ്ഡലം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ ജന്മദേശമാണ്. ഭരണത്തിനെതിരെയുള്ള വിമർശനവും റിപ്പോർട്ടിലുണ്ട്. വർഗീയതക്കെതിരെ ദേശീയാടിസ്ഥാനത്തിൽ വിശാല ഐക്യത്തിന് ഇടതുപക്ഷം മുൻകൈയെടുക്കണം. ചങ്ങനാശ്ശേരിയടക്കമുള്ള മണ്ഡലങ്ങളിലെ സംഘടന ദൗർബല്യം പാർട്ടിയെ ക്ഷീണിപ്പിക്കുന്നതായുള്ള സ്വയംവിമർശനവും ജില്ല സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിലുണ്ട്. രണ്ടുതവണ സെക്രട്ടറിയായ സി.കെ. ശശിധരൻ തുടരാനാണ് സാധ്യത. ഇദ്ദേഹം മാറേണ്ടി വന്നാൽ അഡ്വ. വി.ബി. ബിനുവിനാകും സാധ്യത. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, ജില്ല പ്രസിഡൻറ് മനോജ് ജോസഫ് തുടങ്ങിയവർ പുതുമുഖങ്ങളായി ജില്ല കൗൺസിലിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.