ചെറുതോണി: വിവിധ സർക്കാർ സ്ഥാപനങ്ങൾക്കായി നൽകിയ സ്ഥലങ്ങൾ നിർമാണം നടക്കാത്തതുമൂലം കാടുകയറുന്നു. ജില്ല ആസ്ഥാന വികസനത്തിനായി ഭൂമി വിട്ടുനൽകുന്നതിന് മുമ്പ് തയാറാക്കിയ മാസ്റ്റർ പ്ലാനും നടപ്പായില്ല. ഇതിനുവേണ്ടി ചെലവഴിച്ച 11 ലക്ഷം രൂപ പാഴാകുകയും ചെയ്തു. ജില്ല ആസ്ഥാന വികസനത്തിനായി വികസന അതോറിറ്റിക്ക് 1000 ഏക്കർ ഭൂമിയാണ് കേന്ദ്ര വനംവകുപ്പ് വിട്ടുകൊടുത്തത്. ഇതേതുടർന്നാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. പിന്നീട് വികസന അതോറിറ്റി നിർത്തലാക്കിയപ്പോൾ സ്ഥലം ജില്ല പഞ്ചായത്തിന് കൈമാറി. ജില്ല പഞ്ചായത്ത് 2012ൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ച് വികസനപ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. ഇതേതുടർന്നാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. പക്ഷേ, ഇത് നടപ്പാക്കാതെ മുന്നോട്ടുപോയി. ഇതിനിടെ പ്രവർത്തനം നിലക്കുകയും ചെയ്തു. സ്ഥലം കൈപ്പറ്റിയ വകുപ്പുകൾ അത് വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയില്ല. കേന്ദ്രീയ വിദ്യാലയവും എസ്.ബി.ഐയും മാത്രമാണ് പൂർണമായും സ്ഥലം ഉപയോഗപ്പെടുത്തിയത്. മിക്ക സ്ഥലങ്ങളും കാടുകയറിയ അവസ്ഥയിലാണ്. ദേശീയ ഉദ്യാനം തുടങ്ങാൻ ടൂറിസം വകുപ്പ് 106 ഏക്കർ സ്ഥലമാണ് ചോദിച്ച് വാങ്ങിയത്. മോട്ടോർ വാഹനവകുപ്പ് വാങ്ങിയിട്ടിരിക്കുന്നത് മൂന്നേക്കർ. സ്വന്തമായി സ്ഥലമുണ്ടായിട്ടും വാഹനങ്ങളുടെ പരിശോധന നടത്തുന്നത് പുറത്തെ ഗ്രൗണ്ടിലാണ്. സൈനിക ക്ഷേമ വകുപ്പിന് 50 സെൻറും വിമുക്ത ഭടന്മാരുടെ പോളിടെക്നിക്കിന് 30 സെൻറും നൽകി. ഇവ രണ്ടും ഇപ്പോഴും കാടുകയറി നശിക്കുന്നു. ലീഗൽ മെേട്രാളജി വകുപ്പ് 10 സെൻറ്, ന്യായവില കലവറ ഷോപ് ഒരേക്കർ, നെഹ്റു യുവകേന്ദ്ര ഓഫിസ് നിർമിക്കാൻ 30 സെൻറ്, സബ് ട്രഷറി 15 സെൻറ് തുടങ്ങിയ സ്ഥലങ്ങളെല്ലാം വെറുതെ കിടക്കുന്നു. ചെറുതോണി ബസ് സ്റ്റാൻഡിന് 50 സെൻറ് സ്ഥലവും ബസ് ടെർമിനൽ നിർമിക്കാൻ പത്തേക്കർ സ്ഥലവും ജില്ല പഞ്ചായത്ത് നൽകിയെങ്കിലും ഇവ തറക്കല്ലിൽ ഒതുങ്ങി. മെഡിക്കൽ കോളജിനായി വാങ്ങിയ 40 ഏക്കർ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. ഇതും ഇഴഞ്ഞാണ് നീങ്ങുന്നത്. പാലത്തിെൻറ കൈവരി നിർമാണത്തിലെ അപാകത കാൽനടക്കാർക്ക് ഭീഷണി പീരുമേട്: പഴയപാലം പുനർനിർമിച്ചപ്പോൾ കൈവരി നിർമാണത്തിൽ സംഭവിച്ച അപാകത കാൽനടക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത 183ൽ പീരുമേട്ടിലെ പാലത്തിന് സമീപമുള്ള പഴയപാലമാണ് പുനർനിർമിച്ച് കഴിഞ്ഞ മാർച്ചിൽ ഗതാഗതയോഗ്യമാക്കിയത്. കൈവരികൾ കോൺക്രീറ്റിന് പകരം ഇരുമ്പ് കേഡറിലാണ് നിർമിച്ചത്. കേഡറുകൾ തമ്മിലെ അകലം കൂടുതലായതിനാൽ കുട്ടികൾ ഉൾപ്പെടെ പുഴയിൽ പതിക്കാൻ സാധ്യതയേറെയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കൈവരിയോട് ചേർന്ന് കുട്ടികൾ നിൽക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. കൈവരികൾ നേരെ നിർമിക്കാതെ ചരിവുള്ള രീതിയിൽ നിർമിച്ചതും പ്രശ്നമായി. കുട്ടികൾ പാലത്തിലൂടെ പോകുന്നത് രക്ഷിതാക്കൾ വിലക്കിയിരിക്കുകയാണിപ്പോൾ. സൗജന്യ തൊഴില്‍ പരിശീലന കോഴ്സുകള്‍; സെമിനാര്‍ നാളെ തൊടുപുഴ: കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിെൻറ ഭാഗമായി തൊടുപുഴ നഗരസഭ കുടുംബശ്രീ നേതൃത്വത്തില്‍ അടുത്തമാസം ആരംഭിക്കുന്ന വിവിധ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് അസിസ്റ്റൻറ്, ഇലക്ട്രീഷ്യന്‍, ആയുർവേദ സ്പ തെറപ്പി, ഇലക്ട്രോണിക്സ് റിപ്പയറിങ്, സൈബര്‍ സെക്യൂരിറ്റി, രണ്ട്, മൂന്ന്, നാല് വീലര്‍ സർവിസിങ്, എ.സി ടെക്നീഷ്യന്‍, അസിസ്റ്റൻറ് ഫിസിയോ തെറപ്പിസ്റ്റ്, ഡാറ്റ എൻട്രി ഓപറേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, ഗ്യാസ് വെൽഡിങ്, മെറ്റല്‍ ഫാബ്രിക്കേഷന്‍ എന്നിങ്ങനെ വിവിധ കോഴ്സുകളിലേക്കാണ് പ്രവേശനം. തൊടുപുഴയിലും കേരളത്തിെൻറ വിവിധ ഭാഗങ്ങളിലുമായി നോണ്‍ റസിഡൻഷ്യല്‍/റസിഡൻഷ്യൽ രീതിയില്‍ നടത്തുന്ന, മൂന്ന് മുതല്‍ ഒമ്പതുമാസം വരെ ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനവും പഠനവും സൗജന്യമായിരിക്കും. അപേക്ഷകര്‍ നഗരസഭ പരിധിയിലെ സ്ഥിരതാമസക്കാരും 18നും 35നും ഇടയില്‍ പ്രായമുള്ളവരും വാർഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ അംഗങ്ങളുമായിരിക്കണം. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രിവരെയാണ് വിവിധ കോഴ്സുകളുടെ യോഗ്യത. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10ന് തൊടുപുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കണം. വിവിധ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരില്‍ കാണുന്നതിനും പ്രവേശനം എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഫോണ്‍: 9567443707, 7012926291.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.