കുമളി: ലോകം ചുറ്റിക്കാണാനിറങ്ങിയ വിനോദസഞ്ചാരികൾ തേക്കടിയിലെ ഹോട്ടൽ ചുമരിൽ നിറങ്ങൾ ചാലിച്ച് ചിത്രങ്ങൾ പകർത്തിയപ്പോൾ, നാട്ടുകാർക്ക് കൗതുകം. സ്പെയിൻ സ്വദേശികളായ എയിൻ ഹ്വഡിസോള (27), ജോൺ സോളേൗൺ (30) എന്നിവരാണ് ഹോട്ടലിനു മുന്നിൽ വർണചിത്രങ്ങളൊരുക്കിയത്. സ്പെയിൻ സ്വദേശികളായ ഇരുവരും മൂന്നുവർഷമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിലാണ് താമസം. ചിത്രകാരനാണ് ജോൺ സോളേൗൺ. കൂട്ടുകാരിയായ എയിൻ ചിത്രരചന പഠിപ്പിക്കുന്ന അധ്യാപികയും. ഒന്നു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ചിത്രരചനക്കൊപ്പം വിവിധങ്ങളായ അഭിരുചികളിലും പ്രാവീണ്യം നേടിക്കൊടുക്കുകയാണ് അധ്യാപികയെന്ന നിലയിൽ ചെയ്യുന്നതെന്ന് എയിൻ 'മാധ്യമ'ത്തോട് പറഞ്ഞു. സുഹൃത്തുക്കളായ ഇരുവരും വിവിധ പ്രദേശങ്ങൾ ചുറ്റിക്കണ്ടാണ് തേക്കടിയിലെത്തിയത്. ബൈപാസിലെ 'ക്രിസസ് കഫേ' എന്ന സ്ഥാപനത്തിൽ താമസിക്കുന്നതിനിടെയാണ് ഇരുവരും ചുമരുകളെ മനോഹരമാക്കിയത്. ചുമരുകളിൽ മനോഹരമായി ഇലകളും മരങ്ങളും മറ്റ് പ്രകൃതി കാഴ്ചകളും വരക്കുന്നത് കാണാൻ ഇതുവഴി കടന്നുപോകുന്ന നാട്ടുകാരും എത്തുന്നുണ്ട്. സൗജന്യമായാണ് ഇരുവരും വരക്കുന്നത്. ഹോട്ടലിന് മുന്നിൽ കമ്പുകൾ കൂട്ടിക്കെട്ടി കയറി നിൽക്കാവുന്ന സംവിധാനം ഉണ്ടാക്കിയാണ് ചിത്രരചന. ഇത് പൂർത്തിയാക്കിയ ശേഷം ഇരുവരും തായ്ലൻഡിലേക്ക് പോകും. പി.കെ. ഹാരിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.