പാൻകാർഡ്​ ​വൈകുന്നു; വിദ്യാഭ്യാസ വായ്​പ ആനുകൂല്യം മുടങ്ങു​​െമന്ന്​ ആശങ്ക

കോട്ടയം: പാൻകാർഡ് കിട്ടാൻ വൈകുന്നതിനാൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ ആനുകൂല്യം മുടങ്ങുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. വായ്പ കുടിശ്ശിക വരുത്തിയവർക്ക് ആനുകൂല്യം ലഭിക്കാൻ വിദ്യാർഥിയുടെ പേരിൽ പാൻകാർഡ് സഹിതം ഒക്ടോബർ 31നകം ഒാൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. ഇതേതുടർന്ന് വിദ്യാർഥികൾ അക്ഷയകേന്ദ്രങ്ങൾ വഴിയും അല്ലാതെയും പാൻകാർഡിന് അപേക്ഷിച്ചിട്ടും നിശ്ചിതസമയത്തിനുള്ളിൽ കിട്ടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. അപേക്ഷകരുടെ എണ്ണത്തിൽ കുടുങ്ങി പാൻകാർഡ് നടപടി ഇഴയുന്നതാണ് കാരണം. ഇതിനിടെ, വായ്പയെടുത്ത് പഠനം പൂർത്തിയാക്കിയ പലവിദ്യാർഥികൾക്കും പാൻകാർഡില്ല. അതിനാൽ പാൻ നമ്പർ ഉൾപ്പെടുത്തിയുള്ള അപേക്ഷ സമർപ്പിക്കാനാവുന്നില്ല. അതേസമയം, വായ്പയെടുത്ത വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളും ബാങ്കിൽനിന്ന് ലഭ്യമാണെന്നിരിക്കെ പാൻ നമ്പർ വേണമെന്ന നിർദേശം ബാങ്കുകാരെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. അപേക്ഷയുടെ കാലാവധി നീട്ടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. 2016 മാർച്ച് 31ന് മുമ്പ് തിരിച്ചടവ് തുടങ്ങേണ്ടവരും ഇതുവരെ അടക്കാത്തവരും തിരിച്ചടവ് തുടങ്ങിയശേഷം വീഴ്ച വരുത്തിയവരുമാണ് ആനുകൂല്യത്തിന് അർഹർ. മുടങ്ങിയ വായ്പയിൽ കുടിശ്ശികയുടെ 40 ശതമാനം അടച്ചാൽ ബാധ്യത ഒഴിവാകുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ബാങ്ക്, ഭൂമി ഇടപാടുകൾ, വായ്പകൾ, ഭവനനിർമാണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് പാൻകാർഡ് നിർബന്ധമാക്കിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്. നടപടി പൂർത്തിയാക്കി കാർഡ് ലഭിക്കാൻ മൂന്നുമാസംവരെയുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മുൻവർഷങ്ങളിൽ അപേക്ഷക്കൊപ്പം ജനനത്തീയതി, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖ സമർപ്പിച്ചാൽ മൂന്നാഴ്ചക്കുള്ളിൽ ലഭിക്കുമായിരുന്നു. ഇപ്പോൾ ആധികാരിക രേഖയായി നൽകേണ്ടത് ആധാറാണ്. പരിശോധനയിൽ ആധാറിൽ കാണുന്ന ചെറിയ പിശകുപോലും പ്രശ്നമായി മാറുന്നു. ബന്ധപ്പെട്ട തെറ്റുകൾ തിരുത്തി വീണ്ടും നൽകിയാലും പുണെ കേന്ദ്രമാക്കി തയാറാക്കുന്ന പാൻകാർഡ് കിട്ടാൻ ഏറെ കാലതാമസമെടുക്കും. സ്വകാര്യ കൊറിയർ കമ്പനി വഴി അയക്കുന്ന പാൻകാർഡുകൾ ഉപഭോക്താവിനു കിട്ടാതെ തിരിച്ചയക്കുന്ന സാഹചര്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.