റാന്നിയിൽ അടിസ്ഥാനസൗകര്യമില്ല

റാന്നി: റാന്നി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറികൾ ഉണ്ടെങ്കിലും അടിസ്ഥാനസൗകര്യമുള്ളത് പകുതി മാത്രം. അങ്ങാടി, വെച്ചൂച്ചിറ ആശുപത്രികൾക്ക് കെട്ടിടസൗകര്യങ്ങളും മറ്റും ഉണ്ടങ്കിൽ മറ്റുള്ളവയിൽ നിന്നുതിരിയാൻ ഇടമില്ല. ആശുപത്രികളിലെല്ലാം മരുന്നും ഡോക്ടർ ഉൾപ്പെടെ ജീവനക്കാർക്കും കുറവില്ല. ദിനംപ്രതി നൂറോളം രോഗികൾ ഓരോ ആശുപത്രിയിലും എത്തുന്നുണ്ട്. പഴവങ്ങാടിയിൽ പൂഴിക്കുന്നിൽ താൽക്കാലികമായി തുടങ്ങിയ ആശുപത്രിയിലും റാന്നി പഞ്ചായത്ത് മൂന്നാം വാർഡിൽ വൈക്കത്തിനും മന്ദിരത്തിനും സമീപം തുടങ്ങിയ ആശുപത്രിയിലും വെള്ളമില്ലാത്തതാണ് പ്രശ്നം. പൈപ്പ് ലൈനുമില്ല. സമീപത്തുനിന്ന് വെള്ളം ശേഖരിക്കണം. വേനൽക്കാലത്ത് പ്രശ്നം രൂക്ഷമാകും. ആയുർവേദ ആശുപത്രികൾക്ക് വെള്ളം അത്യാവശ്യമാണ്. രോഗികൾ വർധിച്ചതിനാൽ റാന്നി സൗത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മരുന്നുകൾ കുറവുണ്ടായി. ഇപ്പോൾ കൂടുതൽ മരുന്നിന് റാന്നി പഞ്ചായത്തിൽ എഴുതി നൽകിയിട്ടുണ്ട്. ഇവിടെ മരുന്ന് സൂക്ഷിക്കാൻ സൗകര്യമില്ല. മറ്റ് ആവശ്യത്തിന് നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് 2015 േമയ് 28ന് ആതുരാലയം തുടങ്ങിയത്. അങ്ങാടി പഞ്ചായത്തിലെ നെല്ലിക്കണ്ണിലുള്ള ആശുപത്രിക്ക് കെട്ടിടം ഉൾപ്പെടെ സൗകര്യമുണ്ട്. ഇവിടെ കിടത്തി ച്ചികിത്സക്ക് നടപടി തുടങ്ങി. വെച്ചൂച്ചിറ പഞ്ചായത്തിലും പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം. പഴവങ്ങാടി പഞ്ചായത്തിലെ പൂഴിക്കുന്നിൽ സാംസ്കാരികനിലയത്തിൽ താൽക്കാലികമായാണ് തുടങ്ങിയത്. പൂഴിക്കുന്നിൽ എത്താൻ വാഹനസൗകര്യം കുറവാണ്. ഇട്ടിയപ്പാറയിൽ പഞ്ചായത്തി​െൻറ വ്യാപാരസമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം നടന്നില്ല. ഇടുങ്ങിയ ഹാളിലാണ് പ്രവർത്തനം. ജീവനക്കാർ നിന്നുതിരിയാൻ പ്രയാസപ്പെടുന്നു. കഷായവും മറ്റും ഉണ്ടാക്കാൻ അടുക്കളയില്ല. ഫാർമസിയിൽ സ്റ്റൗ വെച്ചാണ് കഷായം ഉണ്ടാക്കുന്നത്. ഇപ്പോൾ ഇട്ടിയപ്പാറ മിനർവപടിക്ക് സമീപം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് സ്ഥലത്ത് കെട്ടിടനിർമാണം തുടങ്ങി. പരിശോധന മുറി, രോഗികൾക്ക് വിശ്രമമുറി, ഫാർമസി സ്റ്റോർ, അടുക്കള, ശുചിമുറി എന്നിവയാണ് കെട്ടിടത്തിൽ ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.