കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് പി.സി. ചാക്കോ

കോട്ടയം: കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ. കേരള കോൺഗ്രസ് അണികളുടെ ആഗ്രഹം യു.ഡി.എഫിനൊപ്പം പ്രവർത്തിക്കുകയാണെന്നും അതിനനുസരിച്ചുള്ള തീരുമാനത്തിന് കെ.എം. മാണി ബാധ്യസ്ഥനാണെന്നും പി.സി. ചാക്കോ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാണിയുടെ തിരിച്ചുവരവ് അനിവാര്യമാണ്. യു.ഡി.എഫിനോടുള്ള മാണിയുടെ ഇപ്പോഴത്തെ നിലപാട് ശരിയല്ല. കേരള കോൺഗ്രസ് നിലപാട് താൽക്കാലിക ലാഭം മാത്രം നോക്കിയാണ്. ജനാധിപത്യശക്തികളുടെ ഐക്യം അനിവാര്യമാണ്. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന നിലപാട് മാത്രമേ കോൺഗ്രസ് സ്വീകരിക്കൂ. പ്രശ്നങ്ങളിൽ യോജിക്കുന്നവർ ഒന്നിച്ചുനിൽക്കണമെന്ന നിലപാടുള്ളതിനാലാണ് പി.ജെ. ജോസഫ് കോൺഗ്രസ് സമരപ്പന്തലിലെത്തിയത്. സാങ്കേതികമായി യു.ഡി.എഫിനൊപ്പം അല്ലെങ്കിലും കേരള കോൺഗ്രസ് ഭാവിയിലുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എം. മാണിയാണ് മടങ്ങിവരവ് തീരുമാനിക്കേണ്ടത്. എത്രയും വേഗം കേരള കോൺഗ്രസ് തീരുമാനമെടുക്കട്ടെ. സി.പി.എമ്മും സി.പി.ഐയും കോൺഗ്രസ് വിരോധം പറയുന്നത് ഇന്നത്തെ സാഹചര്യത്തിൽ അപ്രസക്തമാണ്. മതേതരത്വവും ജനാധിപത്യവും അപകടത്തിലായ സ്ഥിതി നേരിടാൻ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.