കുത്തകപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് സി.എച്ച്.ആര്‍ വനഭൂമിയില്‍ ബഹുനില മന്ദിരങ്ങള്‍

അടിമാലി: സി.എച്ച്.ആര്‍ വനമേഖലയില്‍ കുത്തകപ്പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് അനധികൃത നിര്‍മാണം. ആനവിരട്ടി വില്ലേജി​െൻറ വിവിധ ഭാഗങ്ങളിലാണ് ബഹുനില മന്ദിരങ്ങളും റിസോര്‍ട്ടുകളും ഉയരുന്നത്. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പള്ളിവാസല്‍, മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച അവസരം മുതലെടുത്താണ് നിർമാണം. ഏക്കര്‍ കണക്കിന് ഭൂമിയുള്ള വന്‍കിടക്കാര്‍ ഏലത്തോട്ടത്തിനുള്ളില്‍ അതീവ രഹസ്യമായാണ് നിര്‍മാണം നടത്തുന്നത്. ഏലത്തോട്ട പാട്ടവസ്തുവില്‍ ഏലകൃഷി മാത്രമെ അനുവാദമുള്ളൂ. എന്നാല്‍, നിയമം അട്ടിമറിച്ച് റിസോര്‍ട്ടുകളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പെടെ വന്‍ നിര്‍മാണമാണ് നടക്കുന്നത്. വന്‍ മരങ്ങള്‍ വെട്ടി മണ്ണിട്ട് മൂടിയും കൂറ്റന്‍ പാറകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിച്ചുമാണ് നിർമാണം നടത്തുന്നതെങ്കിലും വനം വകുപ്പ് പോലും മൗനം തുടരുകയാണ്. ലക്ഷ്മിയില്‍ മുന്‍ കലക്ടറുടെ ഉത്തരവ് മറയാക്കി ബഹുനില റിസോര്‍ട്ടുകള്‍ പണിയുകയും ഇവ നിയമവിരുദ്ധമാണെന്ന് മുന്‍ ദേവികുളം സബ് കലക്ടര്‍ കണ്ടെത്തുകയും നടപടിക്ക് ശിപാര്‍ശചെയ്യുകയും ചെയ്തിരുന്നു. കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമേഖലയായ ഇവിടെ ആനത്താരകള്‍ തകര്‍ത്താണ് നിര്‍മാണം. കൊച്ചി-മധുര ദേശീയപാതയോരത്തും അഞ്ചിലധികം അനധികൃത നിര്‍മാണമാണ് നടക്കുന്നത്. കൂമ്പന്‍പാറ മുതല്‍ കല്ലാര്‍വരെയാണ് അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം. കമ്പിലൈന്‍ മേഖലയില്‍ റോഡുപുറേമ്പാക്കും കൈയേറി സ്ഥാപനങ്ങളും ഉയര്‍ന്നിട്ടുണ്ട്. തോട്ടുപുറേമ്പാക്ക് കൈയേറ്റം ദേവികുളം താലൂക്കില്‍ വ്യാപകമാണ്. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ സ്റ്റോപ് മെമ്മോ നല്‍കി ഉത്തരവാദിത്തത്തില്‍നിന്ന് റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ മാറിനില്‍ക്കുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.