ഉന്നത രാഷ്ട്രീയ സമ്മർദം മൂലമാണ് കലുങ്ക് നിർമാണം വേണ്ടെന്നുെവച്ചതെന്ന് ആരോപണം തിരുവല്ല: എം.സി റോഡിൽ രാമൻചിറ ഭാഗത്ത് പൊതുമരാമത്ത് റെസ്റ്റ് ഹൗസിനു സമീപത്തെ കലുങ്ക് നിർമാണം കെ.എസ്.ടി.പി അട്ടിമറിച്ചതായി ആേക്ഷപം. പദ്ധതിയിൽ കലുങ്ക് പുനർനിർമാണം ഉണ്ടായിട്ടും സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് അധികൃതർ നിർമ്മാണം നിർത്തിയതെന്ന ആക്ഷേപവും ശക്തമായി. കലുങ്കിൽനിന്ന് വെള്ളം ഒലിച്ചുകൊണ്ടിരുന്ന ഭാഗം സ്വകാര്യ വ്യക്തികൾ മണ്ണടിച്ചു നിരത്തി. ഈ ഭാഗത്ത് കെട്ടിട നിർമാണവും നടത്തിരിക്കയാണ്. ഇതിനെ തുടർന്നാണ് മുമ്പ് ഉണ്ടായിരുന്ന കലുങ്ക് പുനർനിർമിക്കേണ്ടെന്ന് കെ.എസ്.ടി.പി തീരുമാനിച്ചതെന്ന് പറയുന്നു. എന്നാൽ, വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് തലത്തിലും ഒത്താശ നടന്നിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഉന്നതതല രാഷ്ട്രീയ സമ്മർദം മൂലമാണ് ഈ ഭാഗത്തെ കലുങ്ക് നിർമാണം വേണ്ടെന്നുെവച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കലുങ്ക് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട നാട്ടുകാരോട് പുതിയതായി ഓട നിർമിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്താമെന്നാണ് അധികൃതർ ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ളത്. രാമൻചിറ റെസ്റ്റ് ഹൗസ് കുന്നിൻ മുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഈ കലുങ്കുവഴി ഒഴുകിക്കൊണ്ടിരുന്നത്. എം.സി റോഡ് നിർമാണം ആരംഭിച്ച കാലത്തുണ്ടായ കലുങ്കാണ് സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറ്റത്തെ തുടർന്ന് വേണ്ടെന്നു വെക്കുന്നത്. കെ.എസ്.ടി.പി റോഡ് നവീകരണ ഭാഗമായി കല്ലിട്ട് അളന്നുതിരിച്ച ചില ഭാഗങ്ങൾ പൂർണമായും ഏറ്റെടുക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. വിവിധയിടത്തായി എം.സി റോഡ് നവീകരണ ഭാഗമായി ഉപേക്ഷിച്ച സ്ഥലങ്ങൾ റോഡ് വികസനത്തിൽ ഉൾപ്പെടുത്തി വ്യത്തിയാക്കിയിടാനും നടപടി ഉണ്ടായിട്ടില്ല. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തിരുവല്ല ബൈപാസ് നിർമാണവും മുടങ്ങിയിട്ട് നാളുകളായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ബൈപാസ് അവസാനിക്കുന്ന രാമൻചിറ ഭാഗത്ത് സ്വകാര്യ വ്യക്തികൾ നിലം നികത്തുകയും അനധികൃതമായി മതിൽകെട്ടി ഭൂമി കൈയേറുകയും ചെയ്തിട്ടുണ്ട്. ഇവിടെ എം.സി റോഡ് ഭാഗത്തുള്ള കലുങ്കിെൻറ മുൻഭാഗം സ്വകാര്യ വ്യക്തികൾ അന്യായമായി കൈയേറിയിട്ടുള്ളതു കാരണം കലുങ്കുവഴി കാട്ടൂക്കര പുഞ്ചയിലേക്കുള്ള വെള്ളമൊഴുക്ക് പരിമിതപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ബൈപാസിനു സമീപമുള്ള ചാലിെൻറ വീതി കൂട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കലുങ്കും ചാലും വെള്ളമൊഴുക്കും തടസ്സപ്പെടുത്തിയവർ തന്നെ സ്വാധീനമുപയോഗിച്ച് റോഡ് വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ പൊതുജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. എം.സി റോഡ് വികസനം അന്തിമഘട്ടത്തിലായതിനാൽ കെ.എസ്.ടി.പിയും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. എം.സി റോഡിെൻറ വികസനം അന്തിമഘട്ടത്തിലേക്കു കടക്കുമ്പോൾ നിർമാണത്തിൽ പാകപ്പിഴകൾ വ്യാപകമാകുകയാണ്. ചെങ്ങന്നൂരിനും തിരുവല്ല ഭാഗത്തെ ഇടിഞ്ഞില്ലത്തിനും ഇടയിലാണിപ്പോൾ നിർമാണപ്രവർത്തനം നടക്കുന്നത്. ഇതിൽ രാമഞ്ചിറ മുതൽ മുത്തൂർവരെയുള്ള ഭാഗത്തെ കലുങ്ക് നിർമാണങ്ങളും പൈപ്പ് ലൈൻ സ്ഥാപിക്കലുമാണ് ഇപ്പോൾ നടന്നുവരുന്നത്. വൈദ്യുതി ബോർഡിെൻറ പോസ്റ്റുകൾ മാറുന്ന നടപടി ആരംഭിച്ചതേയുള്ളു. പോസ്റ്റ് മാറൽ വൈകിയതു കാരണം ചില ഭാഗങ്ങളിൽ റോഡിനു വീതി കുറച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കുന്ന പണി മാത്രമാണ് വേഗത്തിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.