ദേവസ്വം ബോർഡ് ​ആരെയും ബി.ഒ.ടി ഏൽപിച്ചിട്ടില്ല ^-പ്രയാർ

ദേവസ്വം ബോർഡ് ആരെയും ബി.ഒ.ടി ഏൽപിച്ചിട്ടില്ല -പ്രയാർ ptgmj2 പത്തനംതിട്ട: പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരെയും ബി.ഒ.ടി ഏൽപിച്ചിട്ടില്ലെന്ന് ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരം കുളങ്ങര ക്ഷേത്രത്തിലെ ഒന്നര ഏക്കർ സ്ഥലത്ത് ടൂറിസം പൈതൃക പദ്ധതി നടപ്പാക്കുന്നതിന് ഡി.ടി.പി.സിക്ക് അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒന്നര ഏക്കർ സ്ഥലത്ത് ടൂറിസം പൈതൃക പദ്ധതി നടപ്പാക്കാൻ നേരത്തേ നിർദേശം വന്നിരുന്നു. എന്നാൽ, അതിനുശേഷം അവിടെ എയ്ഡഡ് കോളജ് ആരംഭിച്ചു. ഇതിനിടെയാണ് ഡി.ടി.പി.സി പദ്ധതിക്കായി തറക്കല്ലിട്ടത്. അതിൽ ദേവസ്വം ബോർഡിനെ ക്ഷണിച്ചിരുന്നില്ല. ദേവസ്വംവക സ്ഥലത്ത് സർക്കാർ ഫണ്ടുപയോഗിച്ച് നടത്തുന്ന നിർമാണങ്ങളുടെ നടത്തിപ്പും ദേവസ്വത്തിനായിരിക്കണം. തിരുവിതാംകൂർ ദേവസ്വത്തിൻറ 700 ക്ഷേത്രങ്ങളുടേതായി 7000 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇത് തിരിച്ചു പിടിക്കുന്നതിന് ട്രൈബ്യൂണലിനെ നിയമിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടും നടപടിയായിട്ടില്ല. എരുമേലി ക്ഷേത്രത്തിൻറ 130 ഏക്കറിൽ 14 ഏക്കർ മാത്രമാണ് അവശേഷിക്കുന്നത്. ശബരിമലയിൽ കുടിവെള്ളം നൽകിയതിന് നാലുകോടി രൂപ വേണമെന്നാണ് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൻറ വിശദകണക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ കിയോസ്കുകൾ തകർത്തുവെന്ന ആരോപണം ശരിയല്ല. ദേവസ്വം ബോർഡ് സ്ഥലത്തെ ഫൗണ്ടേഷനുകളാണ് നീക്കം ചെയ്തത്. മംഗളദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി പൂജ നടത്താനുള്ള അവകാശം ദേവസ്വം ബോർഡിന് വേണമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡിന് കീഴിലെ പ്രധാനക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏറ്റുമാനൂർ, വൈക്കം, ആറന്മുള, മലയാലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് ബാധകമാകും. ജൂലൈ ഒന്ന് മുതൽ പെൻഷൻ വർധിപ്പിക്കും. 2000 കിട്ടിയിരുന്നവർക്ക് 8000 രൂപയായി ഉയരും. രസീത് നൽകാതെ പൂജ അനുവദിക്കില്ലെന്നും പ്രയാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.