പുതിയ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്: മാലിന്യം ഇല്ലാതാക്കാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഗ്രീന്‍ പ്രേട്ടോകോള്‍

കാഞ്ഞിരപ്പള്ളി: പരിസരമാലിന്യം ഇല്ലാതാക്കാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഗ്രീന്‍ പ്രേട്ടോകോള്‍ എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമായി. ബ്ളോക്ക് പഞ്ചായത്തില്‍ ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ബ്ളോക്ക് പഞ്ചായത്തിന് കീഴിലുള്ള സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ശില്‍പശാലയിലാണ് പദ്ധതിക്ക് തുടക്കമായത്. ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ കാഞ്ഞിപ്പള്ളി, മണിമല, എരുമേലി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളിലെ ഗവ. എയിഡഡ് സ്കൂളുകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് രൂപംനല്‍കിയത്. മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിന് പാലിക്കപ്പെടേണ്ട പ്രവര്‍ത്തനരീതിയാണ് ഗ്രീന്‍ പ്രോട്ടോകോള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വഴിയരികിലും ഓടകളിലും പൊതുസ്ഥലങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യം ഒഴിവാക്കുക, കത്തിച്ച് കളയുന്നതും കുമിഞ്ഞുകൂടുന്നതുമായ മാലിന്യത്തിലെ പുനരുപയോഗസാധ്യതയുള്ള വസ്തുക്കളെ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചെടുക്കുക എന്നിവ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്‍െറ ഭാഗമായി ഉണ്ടാകും. സ്കൂളുകളില്‍ കുട്ടികള്‍ ആവശ്യത്തിനുമാത്രം ആഹാരസാധനങ്ങള്‍ കൊണ്ടുവരുക, ആഹാരം, കുടിവെള്ളം എന്നിവ കൊണ്ടു വരുന്നതിന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ശീലമാക്കുക, പ്ളാസ്റ്റിക് ഉള്‍പ്പെടെ ഡിസ്പോസിബിള്‍ സാധനങ്ങള്‍ കര്‍ശനമായി നിരോധിക്കുക, മാലിന്യത്തെ ജൈവം, അജൈവം, അപകടകരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചു നിക്ഷേപിക്കുന്നതിന് എല്ലാ സ്കൂളുകളിലും സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ് സമിതി ബ്ളോക്ക്തലത്തില്‍ രൂപവത്കരിച്ച് പ്രവര്‍ത്തം വിലയിരുത്തും. ഇതോടനുബന്ധിച്ച് ഈ മാസം 27ന് സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ നടത്തും. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശില്‍പശാല പ്രസിഡന്‍റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, ബി.ഡി.ഒ കെ.എസ്. ബാബു, അജിത രതീഷ്, പി.ജി. വസന്തകുമാരി, അസി. വിദ്യാഭ്യാസ ഓഫിസര്‍ സി.എന്‍. തങ്കച്ചന്‍, എസ്. പ്രദീപ് എന്നിവര്‍ സംസാരിച്ചു. ശുചിത്വ മിഷന്‍ സംസ്ഥാന ഫാക്കല്‍റ്റി വി.സി. സുനില്‍കുമാര്‍, ടി.സി. ബൈജു എന്നിവര്‍ ക്ളാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.