പ്രസവിച്ച കാട്ടാനക്കരികില്‍ നിന്ന് മാറാതെ കൂട്ടാനകള്‍; ഭീതിയില്‍ വിറച്ച് ആനയിറങ്കല്‍

ശാന്തന്‍പാറ (ഇടുക്കി): രണ്ടാഴ്ചമുമ്പ് പ്രസവിച്ച ആനക്ക് കാവല്‍നില്‍ക്കുന്ന കാട്ടാനകള്‍ ഒരു നാടിന്‍െറ ഉറക്കംകെടുത്തുന്നു. പ്രകോപിതരായ ആനക്കൂട്ടം കഴിഞ്ഞദിവസം പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തിപരത്തുകയും വീടുകളും ഏക്കര്‍ കണിക്ക് കൃഷിയും നശിപ്പിക്കുകയും ചെയ്തു. ആനയിറങ്കലിന് മുകള്‍ഭാഗത്ത് ബി ഡിവിഷന്‍ വിരിപ്പാറ മേഖലയില്‍ ശങ്കരപാണ്ഡ്യന്‍മെട്ടിനടുത്ത് അറുപതേക്കര്‍ എന്ന സ്ഥലത്താണ് 15 ദിവസം മുമ്പ് കാട്ടാന പ്രസവിച്ചത്. ആനക്കും കുഞ്ഞിനും കൂട്ടായി നിലയുറപ്പിച്ച 12 കാട്ടാനകള്‍ ഇനിയും പിന്തിരിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം രാത്രി ആനയിറങ്കലിലാണ് ഇവ വീടുകളും കൃഷിയും വ്യാപകമായി നശിപ്പിച്ചത്. തകര്‍ന്ന വീടിന്‍െറ കരിങ്കല്‍ ഭിത്തി ഇടിഞ്ഞുവീണ് ഗുരുതര പരിക്കേറ്റ തോട്ടം തൊഴിലാളി കെ. കുട്ടി തേനി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആനയിറങ്കല്‍ സ്വദേശി തിരുവേലിന്‍െറ വീട് പൂര്‍ണമായും തകര്‍ത്തു. തിരുവേലും ഭാര്യ ശാലിനിയും മക്കളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളര്‍ത്തുമൃഗങ്ങളുടെ കാലുകള്‍ ആന ചവിട്ടിയൊടിച്ചു. സമിപവാസി സാജു പടയാട്ടിലിന്‍റെ വീട് ഭാഗികമായി തകര്‍ത്തു. മണ്ണും കല്ലും ഉപയോഗിച്ച് നിര്‍മിച്ച സ്റ്റോറോടുകൂടിയ വീടുകളാണ് ആന തകര്‍ത്തത്. ഈ മേഖലയിലെ മിക്ക കര്‍ഷകരും പാട്ടത്തിനെടുത്ത് ഏലം കൃഷിചെയ്യുന്നവരാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഏക്കര്‍ കണക്കിന് ഏലം കൃഷി നശിച്ചതിനാല്‍ പാട്ടത്തുകപോലും നല്‍കാന്‍ കഴിയാത്ത സഹാചര്യമാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് സ്ഥലം സന്ദര്‍ശിച്ചു. വീടും കൃഷിയും നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തുരത്താന്‍ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. പ്രസവിച്ച കാട്ടാനക്ക് കാവല്‍ നില്‍ക്കുന്ന ആനക്കൂട്ടത്തെ ഓടിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കുഴപ്പമുണ്ടാകുമെന്നാണ് വനപാലകരുടെ മുന്നറിയിപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.