മുണ്ടക്കയം: കനത്ത ചൂടില്‍ പുല്ലുകള്‍ കരിഞ്ഞുണങ്ങി. മലയോര മേഖലയില്‍ ജനജീവിതത്തിനൊപ്പം കന്നുകാലികളും കാട്ടുമൃഗങ്ങളും ദുരിതത്തില്‍. തോട്ടങ്ങളിലും വനങ്ങളിലും സുലഭമായി ലഭിച്ചിരുന്ന തീറ്റപ്പുല്ലുകള്‍ കരിഞ്ഞുണങ്ങിയതോടെ ക്ഷീരകര്‍ഷകര്‍ വലയുകയാണ്. തോട്ടം മേഖലകളില്‍ പശുക്കളെയും ആടുകളെയും വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ് ഏറെയും. പുലര്‍ച്ചെ അഴിച്ചുവിടുന്ന പശുക്കള്‍ എസ്റ്റേറ്റുകളിലും മറ്റ് തോട്ടങ്ങളിലും മേഞ്ഞ് തിരികെ വരുകയാണ് പതിവ്. എന്നാല്‍, വേനല്‍ കനത്തതോടെ പുല്ലുകള്‍ കരിഞ്ഞുണങ്ങി തീറ്റ ലഭ്യമല്ലാതായി. ഇതോടെ ഉള്‍കാടുകളിലേക്ക് തീറ്റതേടിപ്പോകുന്ന വളര്‍ത്തുമൃഗങ്ങള്‍ പലതും ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെയത്തെുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.കാടുകള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ കാട്ടുമൃഗങ്ങളും നാട്ടില്‍ ഇറങ്ങിത്തുടങ്ങി. ജനവാസ മേഖലകളിലേക്ക് പാമ്പുകള്‍ എത്തുന്നത് പല പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കാടുകളില്‍ ചൂട് അസഹ്യമാകുമ്പോള്‍ തണുപ്പുള്ള സ്ഥലം തേടി ഇറങ്ങുന്ന ഇഴജന്തുക്കള്‍ പലപ്പോഴും വീടുകള്‍ക്കകത്തേക്ക് വരെ കയറുന്ന അവസ്ഥയാണ്. ഒരുമാസത്തിനിടെ മലയോര മേഖലയില്‍ അഞ്ച് വീടുകളിലാണ് രാജവെമ്പാലയും കരിമൂര്‍ഖനും അടക്കമുള്ള പാമ്പുകള്‍ ഭീതി നിറച്ചത്. മുണ്ടക്കയത്ത് രണ്ടിടത്തുനിന്ന് വാവ സുരേഷത്തെി രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടിച്ചിരുന്നു. വനാതിര്‍ത്തി മേഖലയില്‍ പന്നി, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യം ഏറുകയാണ്. വനത്തിനുള്ളില്‍ ജലം വറ്റുന്നതോടെ കാട്ടാനകളും നാട്ടില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. നാളുകളായി വനാതിര്‍ത്തി മേഖലയില്‍ നിലനിന്ന കാട്ടാനകളുടെ ശല്യത്തിനു രണ്ടു മാസമായി കുറവുണ്ടെങ്കിലും വേനല്‍ കഠിനമാകുമ്പോള്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.