മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് വര്‍ണാഭ തുടക്കം

ചങ്ങനാശ്ശേരി: പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് 140ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് വര്‍ണാഭ തുടക്കം. മന്നം സമാധിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പ്രഭാതഭേരി, പുഷ്പാര്‍ച്ചന എന്നിവയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് സമുദായ സംഘശക്തി തെളിയിച്ച് പതിനായിരക്കണക്കിന് സമുദായ പ്രതിനിധികള്‍ പങ്കെടുത്ത അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടന്നു. സംസ്ഥാന വ്യാപകമായി എന്‍.എസ്.എസിന്‍െറ 60 താലൂക്ക് യൂനിയനുകളിലെയും വിവിധ കരയോഗ, വനിത ബാലജന സംഘങ്ങളുടെ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ സ്കൂള്‍ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ മന്നം നഗറിലേക്ക് രാവിലെ മുതല്‍ സമുദായാംഗങ്ങള്‍ ഒഴുകിയത്തെി. സമ്മേളന വേദിക്ക് ഇരുവശത്തുമായി സ്ഥാപിച്ച മന്നത്ത് പദ്മനാഭന്‍െറ ചിത്രത്തിന് മുന്നില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ചട്ടമ്പിസ്വാമികളുടെ ചിത്രത്തിന് മുന്നില്‍ പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരും ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എന്‍.വി. അയ്യപ്പന്‍പിള്ള, ഹരികുമാര്‍ കോയിക്കല്‍, കലഞ്ഞൂര്‍ മധു എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ട്രഷറര്‍ ഡോ. എം. ശശികുമാര്‍, വൈസ് പ്രസിഡന്‍റ് പ്രഫ. വി.പി. ഹരിദാസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ താലൂക്ക് യൂനിയന്‍ പ്രസിഡന്‍റുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, വൈസ് പ്രസിഡന്‍റ് പ്രഫ. വി.പി. ഹരിദാസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി പതിനായിരക്കണക്കിന് സമുദായാംഗങ്ങള്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ എന്‍.എസ്.എസ് പ്രമേയങ്ങളും ഐകകണ്ഠ്യേന പാസാക്കി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറുന്നതിനാല്‍ എന്‍.എസ്.എസ് ആസ്ഥാനം ഉത്സവച്ഛായയിലാണ്. അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിനുശേഷം ഡോ. കെ.എന്‍. രംഗനാഥന്‍ ശര്‍മയുടെ സംഗീതസദസ്സും വയലിനിസ്റ്റ് ബാലഭാസ്കറും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ മ്യൂസിക്കും ശ്രദ്ധേയമായി. തുടര്‍ന്ന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗത്തിന്‍െറ ഉത്തരാസ്വയംവരം മേജര്‍സെറ്റ് കഥകളിയും അരങ്ങേറി. മടവൂര്‍ വാസുദേവന്‍ നായര്‍, സദനം കൃഷ്ണന്‍കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഥകളി. കൂടാതെ മന്നം സമാധിയിലെ മന്നം സ്മാരക മ്യൂസിയവും മ്യൂറല്‍ ആര്‍ട്ട് ഗാലറിയും കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സമുദായാചാര്യന്‍ ഉപയോഗിച്ച വസ്തുക്കളും ബഹുമതികളും മന്നത്ത് പദ്മനാഭന്‍െറയും എന്‍.എസ്.എസിന്‍െറയും നിര്‍ണായക നിമിഷങ്ങള്‍ മ്യൂറല്‍ പെയിന്‍റില്‍ ചിത്രീകരിച്ചത്, മന്നത്തിന്‍െറ ശേഖരമായി സൂക്ഷിച്ച സാധനങ്ങള്‍ എന്നിവയാണ് മ്യൂസിയത്തിലുള്ളത്. എന്‍.എസ്.എസ് വനിത സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ തയാറാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണമേളയും സമ്മേളന നഗരിയില്‍ ക്രമീകരിച്ചിരുന്നു. വിവിധതരം ആഭരണങ്ങള്‍, സാമ്പ്രാണിത്തിരികള്‍, പേപ്പര്‍ കാരി ബാഗുകള്‍, നോട്ട്ബുക്ക് തുടങ്ങി നിരവധി കരകൗശല ഉല്‍പന്നങ്ങള്‍ പാക്കറ്റിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, തേയില, അച്ചാറുകള്‍, ജൈവപച്ചക്കറി ഉല്‍പന്നങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. നെടുമങ്ങാട്, ചിറയന്‍കീഴ്, കൊല്ലം, ചടയമംഗലം, കൊട്ടാരക്കര, ചാത്തന്നൂര്‍, ചങ്ങനാശ്ശേരി, അമ്പലപ്പുഴ, കുട്ടനാട്, ഹൈറേഞ്ച്, ചാവക്കാട്, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, തിരുവല്ല, തലപ്പള്ളി, ചെങ്ങന്നൂര്‍, അടൂര്‍, ആലുവ, തലശ്ശേരി എന്നീ താലൂക്ക് യൂനിയനുകളിലെ വനിതകളാണ് സ്റ്റാളുകള്‍ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.