കോട്ടയം: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിലെ ഒരുവിഭാഗം നഴ്സുമാർ ആരംഭിച്ച സമരം തുടരുന്നു. മാനേജ്മെൻറിെൻറ തൊഴിൽ ചൂഷണത്തിനും പ്രതികാര നടപടിക്കുമെതിരെ യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ നഴ്സുമാർ ആശുപത്രിക്കുമുന്നിലെ റോഡിൽ കുത്തിയിരുന്നാണ് സമരം നടത്തുന്നത്. അകാരണമായി പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിച്ച് സ്ഥിരനിയമനം നടത്തുക, ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കാൻ സമയം അനുവദിക്കുക, രോഗീപരിചരണത്തിന് പ്രവൃത്തിപരിചയമുള്ള മേഖലകളിലേക്ക് മാത്രം ഡ്യൂട്ടി നൽകുക, നിയമം അനുശാസിക്കുന്ന രീതിയിൽ നൈറ്റ് ഡ്യൂട്ടിയുടെ എണ്ണം പ്രതിമാസം ഏഴാക്കി നിജപ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. മാനേജ്മെൻറ് ഒത്തുതീർപ്പിന് വഴങ്ങാതെ മുന്നോട്ടുപോയാൽ സമരം ശക്തമാക്കാൻ ബുധനാഴ്ച കോട്ടയത്ത് യു.എൻ.എ ജില്ല കമ്മിറ്റിയോഗം ചേരും. ഇതിനുശേഷം തുടർ സമരപരിപാടി ആവിഷ്കരിക്കുമെന്ന് യു.എൻ.എ ജില്ല പ്രസിഡൻറ് സെബിൻ സി. മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. ബുധനാഴ്ച രാവിലെ 11ന് യു.എൻ.എ സംസ്ഥാന പ്രസിഡൻറ് എം. ജാസ്മിൻ ഷാ സമരം നടത്തുന്ന നഴ്സുമാരുമായി സംസാരിക്കും. നേരേത്ത ആശുപത്രിയിൽ നടന്ന പണിമുടക്കുമായി ബന്ധപ്പെട്ട് നഴ്സുമാരായ ബിൻസി, കെ.എസ്. സൂര്യമോൾ, പി.എ. അനീഷ, രമ്യ, സബിത, ടിനു, നിഷ, നീതു, അനു എന്നിവരെയാണ് പുറത്താക്കിയത്. ജൂലൈ 13ന് ആശുപത്രിയിൽ മിന്നൽ പണിമുടക്ക് നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാനേജ്മെൻറ് പ്രതികാരനടപടിയുടെ ഭാഗമായാണ് പുറത്താക്കൽ. അന്ന് മൂന്നുദിവസത്തെ സമരം അവസാനിപ്പിച്ചപ്പോൾ നഴ്സുമാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പ് മാനേജ്മെൻറ് ലംഘിച്ചതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചതെന്ന് നഴ്സുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.