കാര്‍ഡ് വിതരണം ബഹിഷ്‌കരിച്ച് മേയ് ഒന്നു മുതല്‍ റേഷന്‍ വ്യാപാരി സമരം

പത്തനംതിട്ട: പുതിയ റേഷന്‍ കാര്‍ഡ് വിതരണവുമായി സഹകരിക്കാതെ മേയ് ഒന്നു മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കി ആറു മാസം കഴിഞ്ഞിട്ടും റേഷന്‍ വ്യാപാരികളുടെ വേതനകാര്യത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.ആര്‍. ബാലന്‍, ഭദ്രന്‍ കല്ലക്കല്‍, ടി. അംബിക എന്നിവര്‍ അറിയിച്ചു. ഒാള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശങ്ങളെല്ലാം ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. റേഷന്‍ കാര്‍ഡ് ഡാറ്റ എന്‍ട്രിയില്‍ വ്യാപക തെറ്റുകള്‍ വരുത്തിയും മുന്‍ഗണനപട്ടികയില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയും കാലതാമസം വരുത്തി. രണ്ടു രൂപക്ക് അരി വാങ്ങുന്ന ഒന്നേകാല്‍ കോടി ജനങ്ങളില്‍ 15 ലക്ഷവും അനര്‍ഹരാണ്. നിലവില്‍ കരടു മുന്‍ഗണനപട്ടികയില്‍ സൗജന്യ റേഷന്‍ ലഭിച്ചിരുന്ന എട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ നഷ്ടമാകുമെന്നും ഈ വിവരം കാര്‍ഡ് ഉടമകളെ അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഭക്ഷ്യഭദ്രത നിയമം മേയ് മാസത്തിലെങ്കിലും നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള റേഷന്‍ വിഹിതം പൂര്‍ണമായി നിലക്കും. റേഷന്‍ കടയില്‍ സ്ഥാപിക്കാനുള്ള പി.ഒ.എസ് യന്ത്രങ്ങള്‍ ഇതുവരെയും വാങ്ങിയിട്ടില്ല. വാർത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ പി. സരളാദേവി, ചന്ദ്രനുണ്ണിത്താന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.