കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ചങ്ങനാശേരി: കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി അറസ്റ്റില്‍. പത്തനംതിട്ട റാന്നി പഴവങ്ങാടി കരിക്കുളം അഞ്ചുകുഴി കാവുങ്കല്‍ മധുസൂദനനാണ് (മധു- 43) അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം എട്ടിന് തിരുവല്ല ടി.ബി ഭാഗത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 2016 ഏപ്രില്‍ 21ന് ചങ്ങനാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതേ കേസില്‍ നേരത്തേ ചങ്ങനാശേരിയില്‍ കള്ളനോട്ട് കൈമാറുന്നതിനിടയില്‍ പത്തനംതിട്ട ആഞ്ഞിലിത്താനം പരുത്തിക്കാട്ട് വീട്ടില്‍ ജയപ്രകാശിനെ (ആഞ്ഞിലിത്താനം ജയന്‍- 55) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ മധുസൂദനന്‍. കോട്ടയം സ്വദേശി അരുണ്‍ എന്നയാള്‍ക്ക് രണ്ടു ലക്ഷത്തിനു പകരമായി നാലു ലക്ഷം രൂപയുടെ കള്ളനോട്ട് നല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പ്ള്‍ നോട്ട് കാണിക്കാന്‍ പാലാത്രച്ചറയിലെ ബിയര്‍-വൈന്‍ പാര്‍ലറില്‍ എത്തിയപ്പോഴാണ് ജയപ്രകാശിനെ കഴിഞ്ഞ ഏപ്രിലില്‍ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഹൊസൂറിലുള്ള രമേശ് എന്നയാളില്‍നിന്ന് 20000 രൂപയുടെ കള്ളനോട്ടുകള്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തുവരികയായിരുന്നു ഇരുവരും. 5000 രൂപയുടെ നല്ലനോട്ടിനു പകരമായി 10,000 രൂപയുടെ കള്ളനോട്ടുകളാണ് ഇരുവരും വിതരണം ചെയ്തിരുന്നത്. സാമ്പ്ള്‍ നോട്ടുകള്‍ കാണിച്ച് ഒന്നു മുതല്‍ അഞ്ച ുലക്ഷം രൂപവരെ കൊടുത്തിരുന്നതായി പൊലീസിനോട് പിടിയിലായ മധുസൂദനന്‍ പറഞ്ഞു. തൃശൂര്‍, തിരുവല്ല, തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തേ കള്ളനോട്ട് കേസിലെ പ്രതികളാണ് ഇരുവരും. ഇപ്പോള്‍ പിടിയിലായ മധുസൂദനന്‍ പുതിയതായി ഇറങ്ങാന്‍ പോകുന്ന മലയാള സിനിമയില്‍ നായക കഥാപാത്രത്തിന്‍െറ പിതാവായി അഭിനയിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്‍െറ തിരക്കിനിടയിലാണ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രതി അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറ നിര്‍ദേശാനുസരണം, സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ സിബി തോമസ്, ഷാഡോ പൊലീസിലെ കെ.കെ. റെജി, സിബിച്ചന്‍, പ്രദീപ് ലാല്‍, പ്രതീഷ്, ക്ളീറ്റസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.