നാട്ടുകാര്‍ക്ക് അസഹനീയത സൃഷ്ടിച്ച് പന്നിവളര്‍ത്തല്‍ ഫാമുകള്‍

കുറവിലങ്ങാട്: പരിസ്ഥിതി പ്രശ്നം സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത ഫാമുകള്‍, അറവുശാലകള്‍ എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അനുമതിപോലും ഇല്ലാതെ ജനവാസകേന്ദ്രങ്ങളിലാണ് ഇത്തരം പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. അസഹനീയമായ ദുര്‍ഗന്ധവും പരിസര മലിനീകരണവും സൃഷ്ടിക്കുന്ന പന്നിവളര്‍ത്തല്‍ ഫാമുകള്‍ക്ക് എതിരെ പരാതി നല്‍കുന്നവരെ മര്‍ദിക്കുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. കടപ്ളാമറ്റം പഞ്ചായത്തില്‍ ഇലയ്ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പന്നിഫാം അസഹനീയമായ രീതിയില്‍ ദുര്‍ഗന്ധം പരത്തിയിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു നടപടിയും സ്വീകരിക്കാതെ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായി പരാതി വ്യാപകമാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇലയ്ക്കാട്ടില്‍ പന്നിഫാം പ്രവര്‍ത്തിക്കുന്നത്. അറവുശാലകള്‍, പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, കോഴി-താറാവ് ഫാമുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍െറയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും അനുമതിവേണം. പഞ്ചായത്തുകളുടെ അനുമതി വാങ്ങി ചെറിയതോതില്‍ ആരംഭിക്കുന്ന ഇത്തരം ഫാമുകള്‍ പിന്നീട് വികസിക്കുമ്പോള്‍ പരിസരവാസികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഫാമുകള്‍ അനധികൃതമാണെന്ന് പരാതികള്‍ ഉയരുമ്പോഴും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. അറവുശാലകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് ചട്ടം. ചതുപ്പുനിലത്ത് പാടില്ല. 75 മീറ്ററിനുള്ളില്‍ വീടുകള്‍ പാടില്ല. മാലിന്യം അലക്ഷ്യമായി പുറന്തള്ളരുത്. എന്നാല്‍, എവിടെവെച്ചും എപ്പോള്‍ വേണമെങ്കിലും മൃഗങ്ങളെ അറുത്ത് മാംസം വില്‍പന നടത്താവുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇലയ്ക്കാട് പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെ പരാതി നല്‍കിയ അയല്‍ക്കാരനെയാണ് ഒരുസംഘം ആളുകള്‍ മര്‍ദിച്ചത്. ഉഴവൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയ വ്യക്തിയുടെ വീടിന് മുന്നില്‍ വിസര്‍ജ്യം തള്ളിയാണ് പകരംവീട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.