സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ല

കുറവിലങ്ങാട്: രോഗികളുടെ എണ്ണം ഓരോദിവസവും വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരുടെ എണ്ണത്തില്‍ മാറ്റമൊന്നുമില്ല. തസ്തികകള്‍ കൂടുതല്‍ അനുവദിച്ച് നഴ്സുമാരെ നിയമിക്കണമെന്നാണ് ആവശ്യം. എന്നാല്‍, വര്‍ഷങ്ങളായി നിയമനം നടക്കാത്തതിനാല്‍ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കവയിലും ഇപ്പോള്‍ ആവശ്യത്തിന് നഴ്സുമാരില്ല. കുറവിലങ്ങാട് താലൂക്ക് ആശുപത്രി കടപ്ളാമറ്റം, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍, ഉഴവൂര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരുടെ ജോലിഭാരം കൂടുതലാണ്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എന്നാല്‍, ഇവിടെ ഫാര്‍മസിസ്റ്റിന്‍െറ ജോലിപോലും നഴ്സുമാരാണ് ചെയ്യുന്നത്. എട്ട് നഴ്സുമാരുടെ തസ്തികയുള്ള താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ ജോലിയിലുള്ളത് ആറുപേര്‍ മാത്രം. ഇവരില്‍ ഒരാള്‍ ഫാര്‍മസി വിഭാഗത്തിലേക്ക് മാറുമ്പോള്‍ രോഗികളാണ് വലയുന്നത്. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ബ്ളോക് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ നടപടിയായിട്ടില്ല. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ കടപ്ളാമറ്റം സര്‍ക്കാര്‍ ആശുപത്രിയിലും ആവശ്യത്തിന് നഴ്സുമാരില്ല. ദിവസേന ഇരുനൂറോളം പേര്‍ ഒ.പിയില്‍ ചികിത്സ തേടിയത്തെുന്നു. വിവിധ വാര്‍ഡുകളായി 55 രോഗികള്‍ ചികിത്സക്കായി കിടക്കുകയും ചെയ്യുന്ന ആശുപത്രിയില്‍ ഇപ്പോഴുള്ളത് നാല് നഴ്സുമാര്‍ മാത്രം. കടപ്ളാമറ്റത്ത് 1946ല്‍ പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ ആറ് നഴ്സുമാരുടെ തസ്തികയാണുള്ളത്. രണ്ട് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. മാസങ്ങളായി അവധിയിലായിരുന്ന നഴ്സിന് പകരം പുതിയ നിയമനം നടത്തിയത് മാത്രമാണ് ഈയിടെയുണ്ടായ ഏക ആശ്വാസനടപടി. വാര്‍ഡുകള്‍, ലബോറട്ടറി, ഫാര്‍മസി, ഒ.പി എന്നിവിടങ്ങളിലൊക്കെ സേവനമനുഷ്ഠിക്കാന്‍ ഇപ്പോഴുള്ള നഴ്സുമാര്‍ തികയില്ല. മാസത്തില്‍ എല്ലാ ബുധനാഴ്ചയും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്, നാലാം ശനിയാഴ്ചകളില്‍ കണ്ണ് പരിശോധന, പാലിയേറ്റിവ് കെയര്‍ യൂനിറ്റ്, ക്ഷയരോഗ പ്രതിരോധ പരിപാടി തുടങ്ങിയവയൊക്കെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.