ചരിത്രമുറങ്ങുന്ന താഴത്തങ്ങാടി ജുമാമസ്ജിദ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു

കോട്ടയം: താഴത്തങ്ങാടി ജുമാമസ്ജിദ് അടക്കമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. താഴത്തങ്ങാടി ജുമാമസ്ജിദില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയം, പുരാവസ്തു, പുരാരേഖ വിഭാഗങ്ങള്‍ ഒന്നിച്ച് ഇത്തരത്തിലുള്ള സ്ഥാപനങ്ങളും താളിയോലകളും ചരിത്രഗ്രന്ഥങ്ങളും ആരാധന ഉപകരണങ്ങളും അമൂല്യമായ സാധനസാമഗ്രികള്‍ എന്നിവ പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. പള്ളി സന്ദര്‍ശിച്ച് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആര്‍ക്കിയോളജി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമൃദ്ധവുമായ പള്ളി മന്ത്രിക്ക് കൗതുകമായി. ക്ഷേത്രശില്‍പകലാ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള പള്ളിയുടെ തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്‍ക്കൂടും തട്ടിന്‍പുറവുമെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. പണ്ടുകാലത്ത് പ്രാര്‍ഥനാസമയം ക്രമീകരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം), തടിയില്‍ കൊത്തിയെടുത്തിരിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍, ജുമാ പ്രാര്‍ഥന നിര്‍വഹിക്കുന്ന മിമ്പര്‍, അറബി ലിഖിതങ്ങളുള്ള മീസാന്‍ കല്ലുകള്‍ എന്നിവ സന്ദര്‍ശിച്ച അദ്ദേഹം പള്ളിയുടെ പ്രത്യേകതകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണെന്നും അതിശയിപ്പിക്കുന്ന വാസ്തുവിദ്യാ മാതൃകയായ ഈ ആരാധനാലയം എക്കാലവും സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിനായി അറേബ്യയില്‍നിന്ന് എത്തിയ മാലിക് ബിന് ദിനാറിന്‍െറ കാലത്താണ് കേരളതീരത്ത് ആദ്യമായി ഇസ്ലാം ആവിര്‍ഭവിക്കുന്നത്. കേരളക്കരയില്‍ പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും അദ്ദേഹം സ്ഥാപിച്ചു. ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയാണ്. കൊടുങ്ങല്ലൂര്‍ മുതല്‍ കൊല്ലം വരെ പള്ളികള്‍ സ്ഥാപിച്ച് കൂടെ വന്നവരെ ആരാധനകര്‍മങ്ങള്‍ നടത്തുന്നതിനായി ചുമതലപ്പെടുത്തി. ആ ശ്രേണിയില്‍പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാമസ്ജിദ് എന്നാണ് ചരിത്രം.വെള്ളിയാഴ്ച ജുമാ പ്രാര്‍ഥനക്കുശേഷം എത്തിയ മന്ത്രിയെ പള്ളി ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. പള്ളി ഇമാം ഹാഫിസ് സിറാജുദ്ദീന്‍ ഹസനി, ജമാഅത്ത് പ്രസിഡന്‍റ് അഡ്വ. നവാബ് മുല്ലാടം, സെക്രട്ടറി സി.എം. യൂസഫ്, ഭാരവാഹികളായ അബ്ദുല്‍നാസര്‍, കെ.ഇ. ബഷീര്‍ മത്തേര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ കുഞ്ഞുമോന്‍ മത്തേര്‍, അസീസ് കുമാരനല്ലൂര്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.ജെ. വര്‍ഗീസ്, കോണ്‍ഗ്രസ്-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കുവേലി, സെക്രട്ടറി അബ്ദുല്‍ഖാദര്‍, നീണ്ടൂര്‍ പ്രകാശ്, പോള്‍സണ്‍ പീറ്റര്‍, ടി.എച്ച്. ഉമ്മര്‍, ബഷീര്‍ കണ്ണാട്ട് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.