വിളവെടുപ്പിന് കാലമായി; കര്‍ഷകര്‍ ആശങ്കയില്‍

വൈക്കം: അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലെ പതിനയ്യായിരത്തില്‍പരം ഏക്കര്‍ കൃഷിഭൂമിയില്‍ വിളഞ്ഞ നെല്ല് കൊയ്ത്തിന് പാകമായെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്. സമയത്തിന് കൊയ്ത്തുമെതിയന്ത്രം കിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന കൊയ്ത്ത്-മെതിയന്ത്ര വിതരണം നിലച്ചു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെതിയന്ത്രങ്ങള്‍ പല കേന്ദ്രങ്ങളിലും തുരുമ്പുപിടിച്ച് നശിക്കുന്നു. ജില്ലാ, ബ്ളോക് പഞ്ചായത്തുകളില്‍ മെതി യന്ത്രം കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. ഈ അവസരം മുതലെടുത്ത് ഇടനിലക്കാര്‍ മുഖേന തമിഴ്നാട്ടില്‍നിന്ന് പാടശേഖരങ്ങളില്‍ യന്ത്രങ്ങള്‍ വന്നിറങ്ങുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കൊയ്ത്ത് യന്ത്രങ്ങള്‍ കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയില്ല. കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് 2000രൂപയാണ് ശരാശരി കൂലി. ഒരുമണിക്കൂറ് കൊണ്ട് ചെയ്ത് തീര്‍ക്കാവുന്ന ജോലി മിക്കവാറും രണ്ട് മണിക്കൂറുകൊണ്ടാണ് തീര്‍ക്കുന്നത്. ഒരു ക്വിന്‍റല്‍ വിത്തിന്‍െറ വില 4000 രൂപയാണ്. ഇതിനുപുറമെ വളം, കീടനാശിനിയുടെയും ചെലവുകള്‍ പുറമെ നാലേക്കര്‍ കൃഷിചെയ്യുന്നതിന് 30,000 രൂപവരെ ചെലവാകും. വിളവെടുപ്പ് സമയം ഒരേക്കര്‍ വിളവെടുപ്പിന് എല്ലാ ചെലവുമുള്‍പ്പെടെ പതിനായിത്തോളം വരും. കടവും വായ്പയും എടുത്താണ് കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. വിത്തും വളവും മറ്റു കീടനാശിനികളും കര്‍ഷകര്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടില്ല. നെല്ലുവിലയും വളരെക്കുറവാണ്. ഇപ്പോള്‍ ലഭിക്കുന്നതില്‍നിന്ന് 2500 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നെല്ല് അളന്നാല്‍ ഉടനടി പണം ലഭിക്കുന്നതിന് നടപടി ഉണ്ടാകണം. ആര്‍പ്പൂക്കര പഞ്ചായത്തിലെ പള്ളിക്കായല്‍, അകത്തേക്കരി, തുരുത്തിമാലി, മെഷീന്‍പാടം, വെച്ചൂര്‍ പഞ്ചായത്തിലെ വലിയ പുതുക്കരി, ദേവസ്വംകരി, ഇട്ട്യേക്കാടന്‍കരി, അരികുപുറം, വലിയവെളിച്ചം, അച്ചിനകം പാടശേഖരങ്ങളിലെ നെല്ലാണ് കൊയ്ത്തിന് പാകമായി കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.