പാലാ ജനറല്‍ ആശുപത്രിയില്‍ 41 കോടിയുടെ വികസന പദ്ധതികള്‍ അവസാനഘട്ടത്തില്‍

പാലാ: ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി വിവിധ വികസന പദ്ധതികള്‍ക്കായുള്ള കെട്ടിടങ്ങളുടെ നിര്‍മാണപ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്. 41 കോടിയുടെ പദ്ധതികളാണ് നടന്നുവരുന്നത്. ആധുനിക മോര്‍ച്ചറി, മലിനീകരണ നിയന്ത്രണപ്ളാന്‍റ്, ചെലവുകുറഞ്ഞ രോഗനിര്‍ണയ കേന്ദ്രം, ഒ.പി, കാഷ്വാലിറ്റി ബ്ളോക്, ആശുപത്രി ഭരണനിര്‍വഹണ കേന്ദ്രം എന്നിവയുടെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാനായി 6.55 കോടിയും അനുവദിച്ചിട്ടുണ്ട്. നാലേക്കര്‍ സ്ഥലമാണ് പാലാ ജനറല്‍ ആശുപത്രിക്ക് സ്വന്തമായുള്ളത്. 76000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന ആറു കെട്ടിടത്തിന്‍െറ ആദ്യനിലയില്‍ അത്യാഹിത വിഭാഗം, 30 ബെഡുള്ള ട്രോമോ കെയര്‍ യൂനിറ്റ് എന്നിവയും രണ്ടാം നിലയില്‍ ഒൗട്ട് പേഷ്യന്‍റ് ബ്ളോക്കും മൂന്നാം നിലയില്‍ സ്പെഷാല്‍റ്റി ഒ.പി ബ്ളോക്കും നാലാം നിലയില്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കും അഞ്ചാം നിലയില്‍ 70 ബെഡുകളുള്ള സ്ത്രീകളുടെ സ്പെഷാല്‍റ്റി വാര്‍ഡും റൂഫ് ടോപ്പില്‍ പവര്‍ലോണ്‍ട്രി സംവിധാനവും കഴുകുന്നതിനുള്ള സ്ഥലവുമാണ് നിര്‍മിക്കുന്നത്. കെട്ടിടത്തിന്‍െറ വശങ്ങളിലായി ഒരേ സമയം നൂറോളം വാഹനങ്ങള്‍ക്കും നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. ഏറ്റവും ചെലവുകുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനുള്ള അത്യാധുനിക രോഗനിര്‍ണയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ബ്ളോക്കിന്‍െറ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കെ.എം. മാണി എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍നിന്നുള്ള 10 കോടി മുടക്കിയാണ് ഈ കെട്ടിടം നിര്‍മിച്ചത്. മൃതശരീരങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനും പോസ്റ്റ്മോര്‍ട്ടം നടപടിക്കും ഇതോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എട്ടു മൃതദേഹങ്ങള്‍ ശീതീകരിച്ചു സൂക്ഷിക്കുന്ന ഫ്രീസര്‍ സംവിധാനത്തിന്‍െറ പ്രവര്‍ത്തനം ഒക്ടോബറോടെ ആരംഭിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. 82.80 ലക്ഷം രൂപയാണ് മോര്‍ച്ചറി, പോസ്റ്റ്മോര്‍ട്ടം വിഭാഗങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. ആശുപത്രിയിലെ മലിനജല സംസ്കരണത്തിനായുള്ള ശുചീകരണപ്ളാന്‍റ് നിര്‍മാണം അവസാനഘട്ടത്തിലാണ്. 70 ലക്ഷം രൂപയാണ് ഇതിന്‍െറ ചെലവ്. ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയുടെ സ്ഥലപരിമിതി മൂലം കാലതാമസം ഉണ്ടാകുമെന്നാണറിയുന്നത്. ഖരമാലിന്യ സംസ്കരണം ഇതോടെ വലിയ പ്രതിസന്ധി ഉയര്‍ത്തുകയാണ്. ഒ.പി വിഭാഗങ്ങളും പരിശോധന സംവിധാനവും അത്യാഹിതവിഭാഗവും ഒരേ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനായുള്ള അഞ്ചുനില കെട്ടിടം പൂര്‍ത്തിയായി വരികയാണ്. നിലവിലുള്ള ഏഴുനില മന്ദിരത്തിലേക്കും പുതിയ മന്ദിരത്തിലേക്കും പ്രവേശിക്കുന്നതിനുള്ള റാംപ് നിര്‍മാണവും പൂര്‍ത്തിയായി. 2.34 കോടിയാണ് റാംപ് നിര്‍മാണത്തിനു ചെലവഴിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.