പാലായില്‍ മോഷണം വ്യാപകമാകുന്നു

പാലാ: പാലായില്‍ മോഷണം വ്യാപകമാകുന്നതോടെ ജനം ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലും പരിസരത്തുമായി നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് അരങ്ങേറിയത്. മോഷണം തുടരുമ്പോഴും പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഞായറാഴ്ച രാത്രി ഊരാശാല ക്ഷേത്രത്തിന് സമീപം കെ.ആര്‍. ബാബുവിന്‍െറ വീട്ടിലാണ് അവസാനം മോഷണമുണ്ടായത്. വീടിന്‍െറ ജനല്‍ കമ്പി വളച്ച് അകത്തുകിടന്ന മോഷ്ടാവ് 2000 രൂപയും ഒരു പവനോളം വരുന്ന മോതിരവും മോഷ്ടിച്ചു. കുട്ടിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണര്‍ന്ന് നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി സെന്‍റ് തോമസ് ഹൈസ്കൂളിന് സമീപമുള്ള അഞ്ച് വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടന്നു. കടകളുടെ പൂട്ട് തകര്‍ത്ത് അകത്തു കയറി സൈക്ക്ള്‍, ചില്ലറ പൈസ തുടങ്ങിയവ മോഷ്ടാക്കള്‍ കൊണ്ടുപോയി. രവീസ് സൈക്ക്ള്‍, അമ്മൂസ് കൂള്‍ബാര്‍, അനിയന്‍സ് കൂള്‍ബാര്‍, പ്രിന്‍സ് ഹൗസ്, സമീപത്തെ ചെരിപ്പുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. സമീപത്തുള്ള ജ്വല്ലറി അടക്കം മൂന്ന് കടകളില്‍ മോഷണശ്രമവും നടന്നു. ജ്വല്ലറിയുടെ പിന്‍ഭാഗം കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ചുറ്റിക, സ്ക്രൂഡ്രൈവര്‍ എന്നിവ കടകള്‍ക്ക് സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. ഇവിടുത്തെ കടകളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറകളില്‍ മോഷ്ടാവിന്‍െറ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്ന നിഗമനത്തില്‍ ആ വഴിക്കും അന്വേഷണം നടത്തിയെങ്കിലും സൂചനകള്‍ കിട്ടിയിട്ടില്ളെന്നാണ് അറിയുന്നത്. ഒരാഴ്ച മുമ്പ് കടപ്പാട്ടൂര്‍ ക്ഷേത്ര ഗോപുരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമം നടന്നിരുന്നു. 24 മണിക്കൂറും വാഹനങ്ങളുള്ള പാലാ-ഏറ്റുമാനൂര്‍ ഹൈവേയുടെ വശത്തായി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനു സമീപമാണ് കാണിക്കവഞ്ചിയും ചെറിയക്ഷേത്ര മാതൃകയും നിര്‍മിച്ചിരിക്കുന്നത്. ഇത് പ്രത്യേകതരത്തില്‍ മൂന്ന് തരത്തിലുള്ള ലോക്കുകളോടെ ഉറപ്പിച്ചവ ആയിരുന്നതിനാല്‍ കോണ്‍ക്രീറ്റ് തകര്‍ക്കാന്‍ മാത്രമാണ് മോഷ്ടാക്കള്‍ക്കായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.