പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം: നഷ്ടപരിഹാരം മുടങ്ങിയിട്ട് രണ്ടുവര്‍ഷം

കുറവിലങ്ങാട്: പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം മുടങ്ങിയിട്ട് രണ്ടുവര്‍ഷം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ മഴയും വരള്‍ച്ചയും മൂലം കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായെങ്കിലും നഷ്ടപരിഹാരത്തുക വിതരണം ചെയ്തിട്ടില്ല. പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്ന മാനദണ്ഡത്തില്‍ മാറ്റംവരുത്തിയതോടെയാണ് വിതരണം മുടങ്ങിയത്. 2014, 2015 വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച നൂറുകണക്കിന് കര്‍ഷകരെയാണ് ഇത് ബാധിച്ചത്. കുടിശ്ശികയായ നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷവും തീരുമാനമുണ്ടായിട്ടില്ല. 2014ല്‍ കുറവിലങ്ങാട് മേഖലയിലെ ആറ് പഞ്ചായത്തുകളിലുണ്ടായ കൊടുങ്കാറ്റില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃഷി ഓഫിസര്‍മാര്‍ സര്‍ക്കാറിന് നല്‍കുകയും ചെയ്തു. എന്നാല്‍, റിപ്പോര്‍ട്ടിനപ്പുറം ഒന്നും നടന്നില്ല. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചാല്‍ ഓരോന്നിനും പ്രത്യേക നിരക്ക് നിശ്ചയിച്ചാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. കാറ്റിലും മഴയിലും നശിച്ച റബര്‍, വാഴ, തെങ്ങ് തുടങ്ങിയവക്ക് ഓരോന്നിനും നിശ്ചിത തുക നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഓരോന്നിനും നിശ്ചിത തുക നഷ്ടപരിഹാരം എന്നത് മാറ്റി ഒരു ഹെക്ടറിലെ കൃഷിനാശം എന്ന തോതില്‍ കണക്കാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായതോടെ കര്‍ഷകന് ലഭിക്കുന്ന തുക നാമമാത്രമായി ചുരുങ്ങി. പ്രതിസന്ധി പരിഹരിച്ച് കര്‍ഷകരെ സഹായിക്കാന്‍ അധികതുക കൃഷിവകുപ്പിന്‍െറ ഫണ്ടില്‍നിന്ന് അനുവദിക്കാനായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുതുക്കിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം നടപടികളായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.