ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ യോഗം യു.ഡി.എഫ് സ്തംഭിപ്പിച്ചു

ഈരാറ്റുപേട്ട: മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയും പ്രതിപക്ഷ വാര്‍ഡുകളെ അവഗണിച്ചും നഗരസഭ തയാറാക്കിയ പ്രോജക്ട് പ്രത്യേക യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്ന കൗണ്‍സിലര്‍ അഡ്വ വി.പി. നാസറിന്‍െറ ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗം സ്തംഭിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടേ മറ്റ് അജണ്ടകള്‍ അനുവദിക്കൂവെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തീരുമാനിക്കുകയും മുദ്രാവാക്യം വിളിയുമായി കൗണ്‍സില്‍ ഹാളില്‍ നിലയുറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാത്ത ചെയര്‍മാന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിനുമുന്നില്‍ ധര്‍ണ നടത്തി. ഭേദഗതി പ്രോജക്ടിലൂടെ ഈ വിഷയത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ സമരം തുടരുമെന്നും യു.ഡി.എഫ് നേതൃത്വവുമായി കൂടുതല്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.എം. സിറാജ് പറഞ്ഞു. സമരപരിപാടികള്‍ക്ക് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ നിസാര്‍ കുര്‍ബാനി, അഡ്വ. വി.പി. നാസര്‍, സി.പി. ബാസിത്ത്, പി.എം. അബ്ദുല്‍ഖാദര്‍, അന്‍വര്‍ അലിയാര്‍, കെ.പി. മുജീബ്, ഷഹ്ബാനത്ത് ടീച്ചര്‍, റാഫി അബ്ദുല്‍ഖാദര്‍, ബീമ നാസര്‍, ഫാത്തിമ അന്‍സര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ മെംബര്‍മാരുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് പറഞ്ഞു. നഗരസഭ അംഗീകരിച്ച് അവതരിപ്പിച്ച പ്രോജക്ടിന് ഡി.പി.സിയില്‍ പരാതി നല്‍കുന്നതും കോടതിയില്‍ ചോദ്യം ചെയ്യുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെയര്‍മാന്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.