എം.സി റോഡ് നവീകരണം അതിവേഗത്തില്‍; കാലാവധിക്കുമുമ്പ് പൂര്‍ത്തിയായേക്കും

കോട്ടയം: ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള എം.സി റോഡ് നവീകരണം അതിവേഗത്തില്‍. കരാര്‍ കാലാവധിക്ക് മുമ്പ് നവീകരണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ടി.പി ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍, പട്ടിത്താനം-മൂവാറ്റുപുഴ എന്നിങ്ങനെ രണ്ട് റീച്ചുകളായാണ് എം.സി റോഡ് നവീകരണം നടക്കുന്നത്. ഇതില്‍ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ ഭാഗത്തെ ജോലികളാണ് വേഗത്തില്‍ മുന്നേറുന്നത്. അതേസമയം, മറ്റൊരു കമ്പനി കരാര്‍ ഏറ്റെടുത്ത പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയുള്ള 41 കിലോമീറ്റര്‍ ഭാഗത്തെ ജോലിക്ക് വേണ്ടത്ര വേഗതയില്ല. പലയിടങ്ങളിലും പണി ഇഴയുകയാണ്. എന്നാല്‍, 2017 നവംബര്‍ 30നകം രണ്ട് റീച്ചുകളിലെയും നിര്‍മാണം പൂര്‍ത്തിയാകുമെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറയുന്നു. ഏറ്റുമാനൂര്‍-കോട്ടയം-ചങ്ങനാശേരി ഭാഗങ്ങളിലെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ചങ്ങനാശേരി-തിരുവല്ല, ചെങ്ങന്നൂര്‍-തിരുവല്ല ഭാഗങ്ങളിലെ ജോലി പുരോഗമിക്കുകയാണ്. 2017 നവംബര്‍ 26നകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. എന്നാല്‍, ഇതിന് രണ്ടുമാസം മുമ്പ് റോഡ് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ജോലി കരാറെടുത്ത കമ്പനി വ്യക്തമാക്കുന്നത്. ആദ്യഘട്ടങ്ങളില്‍ മഴ വില്ലനായെങ്കിലും ഇപ്പോള്‍ ഇടവേളയില്ലാതെയാണ് നിര്‍മാണം. ഇത്തവണ കാര്യമായി കാലവര്‍ഷം ഇല്ലാതിരുന്നതും നിര്‍മാണം വേഗത്തിലാകാന്‍ കാരണമായി. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍ പട്ടിത്താനം വരെയുള്ള 47 കിലോമീറ്റര്‍ റോഡിന് 293 കോടിക്കാണ് നിര്‍മാണ കരാര്‍. നിലവില്‍ നാട്ടകം കോളജ് മുതല്‍ ചങ്ങനാശേരി വരെയുള്ള ജോലി 90 ശതമാനവും പൂര്‍ത്തിയായി. രണ്ടാംഘട്ട ടാറിങ് ജോലികളാണ് പ്രധാനമായി അവശേഷിക്കുന്നത്. ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ടാറിങ് നടത്താനുണ്ട്. നിലവില്‍ ചെങ്ങന്നൂര്‍-തിരുവല്ല ഭാഗത്ത് കല്ലിശ്ശേരി മുതല്‍ നിര്‍മാണം നടന്നുവരികയാണ്. ചങ്ങനാശേരി-തിരുവല്ല പന്നിക്കുഴി ഭാഗത്താണ് നിര്‍മാണം. പെരുന്നയില്‍ കലുങ്കിന്‍െറ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ണമാകുന്നതോടെ പെരുന്ന മുതല്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജങ്ഷന്‍ വരെയുള്ള ജോലി ആരംഭിക്കും. റോഡ് വികസനത്തിന്‍െറ ഭാഗമായി ചങ്ങനാശേരി സെന്‍ട്രല്‍ ജങ്ഷന്‍ നവീകരിക്കും. പുതുതായി നിര്‍മിക്കുന്ന തിരുവല്ല ബൈപാസിന്‍െറ ജോലികളും നടക്കുന്നു. നഗരസഭാ മൈതാനിയില്‍നിന്ന് ആരംഭിക്കുന്ന ഫൈ്ള ഓവറിന്‍െറ പണിയാണ് നടക്കുന്നത്. മഴുവങ്ങാട് ചിറയില്‍നിന്ന് ആരംഭിച്ച് വൈ.എം.സി.എ വഴി രാമന്‍ചിറയില്‍ എത്തുന്ന ബൈപാസ് നിര്‍മിക്കുന്നതിനാല്‍ തിരുവല്ല നഗരത്തെ ഒഴിവാക്കിയാണ് റോഡുപണി. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ നവീകരണത്തിന്‍െറ ഭാഗമായി പുതുതായി പുത്തന്‍വീട്ടില്‍പ്പടി, പന്നിക്കുഴി, നീലിമംഗലം എന്നിവിടങ്ങളില്‍ പാലം പൂര്‍ത്തിയായി. കല്ലിശേരി, തോണ്ടറ, വരട്ടാര്‍ പാലങ്ങളുടെ നിര്‍മാണം നടന്നുവരികയാണ്. നാട്ടകം മുതല്‍ കോട്ടയം ബേക്കര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് നേരത്തേ പൊതുമരാമത്ത് വകുപ്പ് വികസനം നടത്തിയതിനാല്‍ കെ.എസ്.ടി.പി പദ്ധതിയില്‍ വികസനം നടത്തുന്നില്ല. എന്നാല്‍, കോടിമതയില്‍ രണ്ടാം പാലം നിര്‍മിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് ഇതിന്‍െറ ചുമതല. പാലം വരുന്നതോടെ കിടപ്പാടം നഷ്ടമാകുന്നവര്‍ക്ക് പകരം സ്ഥലം നല്‍കാന്‍ നടപടിയില്ലാത്തത് പണികളെ ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.