ആ ശബ്ദം മുറിഞ്ഞു; ഇനി പൈലിച്ചേട്ടനില്ല

കോട്ടയം: ആറര പതിറ്റാണ്ടിലേറയായി കോട്ടയത്ത് ഏത് വലിയ പരിപാടി നടന്നാലും ശബ്ദ-വെളിച്ച ക്രമീകരണവുമായി നാട്ടുകാരുടെ പൈലിച്ചേട്ടനെന്ന പി.ജെ. പൈലിയുണ്ടായിരുന്നു (83) അതിന്‍െറ പിന്നണിയില്‍. ബുധനാഴ്ച ഈ കാഴ്ചക്ക് തിരശ്ശീലവീണു. സൗണ്ട് സിസ്റ്റത്തിന്‍െറ ഉടമയായ സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്ന സാബു സൗണ്ട് സിസ്റ്റം ഉടമ കോട്ടയം പുത്തന്‍വീട്ടില്‍ പി.ജെ. പൈലി. മരിക്കുന്നതിന്‍െറ ഓഴ്ച മുമ്പുവരെ മൈക്ക് സെറ്റുമായി ഓടിനടന്ന പൈലിച്ചേട്ടനെ അറിയാത്തവര്‍ കോട്ടയത്തും പരിസരങ്ങളിലുമായി ആരുമുണ്ടാകാനിടയില്ല. മസ്തിഷ്ക രക്തസ്രാവത്തത്തെുടര്‍ന്ന് ബുധനാഴ്ച ഉച്ചക്കായിരുന്നു പൈലിയുടെ അന്ത്യം. 18ാം വയസ്സില്‍ കോട്ടയത്തുതന്നെ പ്രവര്‍ത്തിച്ചിരുന്ന ജി.വി സൗണ്ട്സില്‍ മൈക്ക് ഓപറേറ്ററായാണ് പൈലിച്ചേട്ടന്‍ ഈ രംഗത്ത് എത്തുന്നത്. തൊട്ടടുത്തവര്‍ഷം തന്നെ പുതിയ ഒരു സിസ്റ്റം സ്വന്തമായി വാങ്ങി. എരുമേലി പാലാമ്പടം എസ്റ്റേറ്റ് പള്ളിയില്‍ യേശുദാസിന്‍െറ കച്ചേരിക്ക് മൈക്കും കോളാമ്പിയും നല്‍കിയായിരുന്നു പൈലിയുടെ സ്വന്തം സിസ്റ്റവുമായുള്ള അരങ്ങേറ്റം. ഒരു മൈക്കും ഒരു ആപ്ളിഫയറും രണ്ടു കോളാമ്പിയും മാത്രമായിരുന്നു അന്നത്തെ സൗണ്ട് സിസ്റ്റം. ഇത് ഉപയോഗിച്ചാണ് യേശുദാസ് അന്ന് കച്ചേരി നടത്തിയത്. നരേന്ദ്രമോദി ഒഴികെ കേരളം സന്ദര്‍ശിച്ച എല്ലാ പ്രധാനമന്ത്രിമാര്‍ക്കും പൈലിച്ചേട്ടന്‍െറ ഉടമസ്ഥതയിലുള്ള സാബു സൗണ്ട്സ് ശബ്ദമൊരുക്കിയിട്ടുണ്ട്. കോട്ടയത്ത് ആദ്യമായി എത്തിയ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് പ്രസംഗിക്കാന്‍ നേരിട്ട് മൈക്ക് കൈമാറിയത് പൈലിച്ചേട്ടനായിരുന്നു. അന്ന് പൈലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് നെഹ്റു പ്രസംഗം ആരംഭിച്ചത്. ആദ്യ കാലഘട്ടങ്ങളില്‍ കോട്ടയത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുയോഗത്തിന് ഉപയോഗിച്ചിരുന്നത് പൈലിച്ചേട്ടന്‍െറ മൈക്കായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ മിക്ക രാഷ്ട്രീയ നേതാക്കളുമായും പൈലിച്ചേട്ടന് അടുത്ത ബന്ധം ഉണ്ടായിരുന്നു. കാസര്‍കോട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും പൈലിച്ചേട്ടന്‍ സൗണ്ട് സിസ്റ്റവുമായി പോയിട്ടുണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് എത്തിയപ്പോഴും ശബ്ദക്രമീകരണത്തിനുപിന്നില്‍ പൈലിയായിരുന്നു. ഇടവക പള്ളിയായ ലൂര്‍ദ് പള്ളിയിലും കോട്ടയം ക്രിസ്തുരാജ പള്ളിയിലും അള്‍ത്താര ശുശ്രൂഷകനായും പ്രവര്‍ത്തിച്ചിരുന്നു. പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിക്കുന്ന ശീലമുണ്ടായിരുന്ന പൈലിച്ചേട്ടന്‍ മരിക്കുന്നതുവരെ ഈ ശീലം മുടക്കിയിരിന്നില്ല. മക്കളായ സാബുവും ബാബുവും ബോബനും ഷിബുവും പൈലിച്ചേട്ടന്‍െറ പാത പിന്തുടര്‍ന്ന് ഈ രംഗത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.