കോട്ടയം: താഴത്തങ്ങാടി ആറ്റില്‍ നടക്കുന്ന കോട്ടയം മത്സര വള്ളംകളി ഞായറാഴ്ച. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കുറി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് ആവേശത്തുഴയെറിയാനത്തെുന്നത്. നെഹ്റു ട്രോഫി നേടിയ വേമ്പനാട് ബോട്ട് ക്ളബിന്‍െറ കാരിച്ചാല്‍, കൊല്ലം സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്‍െറ കാട്ടില്‍ തെക്കേതില്‍, കുമരകം സമുദ്ര ബോട്ട് ക്ളബിന്‍െറ ജവഹര്‍ തായങ്കരി, തോട്ടടി കാല്‍വരി ബോട്ട് ക്ളബിന്‍െറ നടുഭാഗം, കൈപ്പുഴമുട്ട് എന്‍.സി.ഡി.സി ക്ളബിന്‍െറ സെന്‍റ് ജോര്‍ജ്, കുമരകം ബാലസുബ്രഹ്മണ്യ സേവാ സംഘത്തിന്‍െറ സെന്‍റ് പയസ് ടെന്‍റ്, കുമരകം ടൗണ്‍ ബോട്ട് ക്ളബിന്‍െറ ചമ്പക്കുളം, കൊല്ലം ദാവീദ് പുത്രയുടെ ആയാപറമ്പ് വലിയ ദിവാന്‍ജി, തിരുവാര്‍പ്പ് ബോട്ട് ക്ളബിന്‍െറ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെയുള്ള ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കൂടാതെ ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ്, ചുരുളന്‍ വള്ളങ്ങളുള്‍പ്പെടെ 30ല്‍പരം കളിവള്ളങ്ങള്‍ താഴത്തങ്ങാടി ആറ്റില്‍ ആവേശത്തിരമാലകള്‍ സൃഷ്ടിക്കും. കേരളത്തിലെ മികച്ച ബോട്ട് ക്ളബുകള്‍ ഇത്തവണ മത്സരിക്കുന്നതിനാല്‍ ആവേശം വാനോളമുയരുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. മത്സരങ്ങള്‍ സുഗമമായി വീക്ഷിക്കാന്‍ ആറിന്‍െറ ഇരുകരകളിലെയും തടസ്സങ്ങള്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നീക്കി. ഉച്ചക്ക് 1.30ന് ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി പി. തിലോത്തമന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പിക്ക് കോപ്പി നല്‍കി ജസ്റ്റിസ് കെ.ടി. തോമസ് സുവനീര്‍ പ്രകാശനം ചെയ്യും. മുഖ്യ പവിലിയന് മുന്നില്‍ കളിവള്ളങ്ങളുടെ മാസ് ഡ്രില്ലും നടത്തും. വി.എന്‍. വാസവന്‍ കളിവള്ളങ്ങളുടെ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. മുഖ്യ സ്റ്റാര്‍ട്ടറായി നെഹ്റു ട്രോഫി മത്സരത്തില്‍ അമ്പയറായിരുന്ന ശ്രീമുരളിയും സഹ സ്റ്റാര്‍ട്ടറായി ജിജി തോമസും പ്രവര്‍ത്തിക്കും. ഫിനിഷിങ് പോയന്‍റില്‍ വിധിനിര്‍ണയ കമ്മിറ്റിയുടെ അധ്യക്ഷനായി റിട്ട. എസ്.പി ഐ.സി. തമ്പാനും സഹ ജൂറിമാരായി അഡ്വ. ജോസ് ഫിലിപ്പും വി.പി. ഗോപിയുമാകും. റേസ് കോഴ്സ് മുഴുവന്‍ വിഡിയോ കാമറ നിരീക്ഷണത്തിനായുള്ള ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്ക് തെറ്റിച്ച് മറ്റ് കളിവള്ളങ്ങളുമായി പ്രശ്നമുണ്ടാക്കുന്നവര്‍ക്കും കളിവള്ളങ്ങള്‍ റേസ് കോഴ്സിന് കുറുകെ തുഴഞ്ഞ് തടസ്സങ്ങളുണ്ടാക്കുന്ന ചെറുവള്ളങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വിഡിയോ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. സംഘാടകസമിതി ഭാരവാഹികളായ പ്രഫ. കെ.സി. ജോര്‍ജ്, ലിയോ മാത്യു, കെ.ജെ. ജേക്കബ്, എസ്. രാധാകൃഷ്ണന്‍നായര്‍, നാസര്‍ ചാത്തംകോട്ടുമാലി, സുനില്‍ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.