കോട്ടയം: സംസ്ഥാനത്തെ ഗവ. ആയുര്‍വേദ ആശുപത്രികളില്‍ തിരുമ്മുചികിത്സാ വിദഗ്ധര്‍ക്ക് (തെറപ്പിസ്റ്റ്) അഞ്ചു മാസമായി വേതനമില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ ‘ആയുഷ്’ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന തെറപ്പിസ്റ്റുകളാണ് ഗവ. ആയുര്‍വേദ ആശുപത്രികളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. പി.എസ്.സി വഴി നിയമനം ലഭിച്ച സ്ഥിരം ജീവനക്കാര്‍ മിക്ക ജില്ലകളിലും ഇല്ലാത്ത സാഹചര്യത്തിലാണ് കരാര്‍ അടിസ്ഥാനത്തില്‍ ഇവര്‍ നിയമിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള വേതനമാണ് ലഭിക്കാനുള്ളത്. ഇവരുടെ വേതനം ഒരിക്കലും അതതു മാസം ലഭിക്കാറില്ളെന്നുള്ള പരാതിയുമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് അതുവരെയുള്ള ശമ്പളം ഇവര്‍ക്ക് ഒരുമിച്ച് നല്‍കിയത്. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍െറ കീഴില്‍ സംസ്ഥാനത്താകെ 12ലധികം പ്രോജക്ടുകളിലായി ഇരുനൂറോളം തെറപ്പിസ്റ്റുകളാണ് കരാര്‍ ജോലി ചെയ്യുന്നത്. ഇവരെ കൂടാതെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍ക്കും മാസങ്ങളായി ശമ്പളമില്ല. 675 രൂപയാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തെറപ്പിസ്റ്റുകളുടെ ദിവസവേതനം. എന്നാല്‍, സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍ക്ക് 350 രൂപയേ വേതനമായി നല്‍കാനാവൂ എന്നാണ് പറയുന്നത്. ഇവരുടെ ഇന്‍റര്‍വ്യൂ സമയത്ത് വേതനം 600 രൂപ ലഭിക്കും എന്നു പറഞ്ഞെങ്കിലും ശമ്പളവര്‍ധന സംബന്ധിച്ച ഉത്തരവില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഉള്‍പ്പെടാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആവശ്യപ്പെട്ടിട്ടും ആയുഷിന്‍െറ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം താമസിക്കുന്നതിനു കാരണമായി പറയപ്പെടുന്നത്. എന്നാല്‍, യഥാസമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതാണ് ഈ കാലതാമസത്തിനു കാരണമെന്നും പറയുന്നു. സംസ്ഥാനതലത്തില്‍ പരിചയസമ്പന്നരായ സ്ഥിരം തെറപ്പിസ്റ്റുകളുടെ അഭാവം നിലനില്‍ക്കെയാണ് നിലവിലുള്ളവര്‍ക്കുപോലും ശമ്പളം ലഭിക്കാത്തത്. കേരളത്തില്‍ തെറപ്പിസ്റ്റുകളുടെ 41 പുതിയ തസ്തികകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിയമന നടപടിയായില്ല. നിലവിലുള്ള ആശുപത്രികളില്‍ ഒരാള്‍വെച്ച് കണക്കുകൂട്ടിയാല്‍ പോലും 41 പേര്‍ എന്നത് തീരെ അപര്യാപ്തമാണ്. ജില്ലാ ആയുര്‍വേദ ആശുപത്രി ഉള്‍പ്പെടെ കിടത്തിച്ചികിത്സ സൗകര്യമുള്ള 11 ആശുപത്രികള്‍ ഉള്ള കോട്ടയം ജില്ലയില്‍ മാത്രം നിലവില്‍ ഉള്ളതാകട്ടെ ഒമ്പതു തെറപ്പിസ്റ്റുകളാണ്. ഇവരാകട്ടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും. തെറപ്പിസ്റ്റിന്‍െറ അഭാവത്തില്‍ സംസ്ഥാനത്ത് പല ആശുപത്രികളിലും ഇപ്പോള്‍ തിരുമ്മലും മറ്റും നടത്തുന്നത് നഴ്സിങ് അസിസ്റ്റന്‍റുമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.