തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം

കോട്ടയം: അലഞ്ഞുതിരിയുന്ന നായ്ക്കളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം ആരംഭിക്കാന്‍ ആലോചന. നായ്ക്കളെ വന്ധ്യംകരിച്ചശേഷമാകും പുനരധിവസിപ്പിക്കുക. രണ്ടേക്കറോളം സ്ഥലത്താകും കേന്ദ്രം ആരംഭിക്കുക. ഇതിനു സ്ഥലം കണ്ടത്തൊനുള്ള ശ്രമത്തിലാണെന്ന് തെരുവുനായ് നിയന്ത്രണം ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ സി.എ. ലത അറിയിച്ചു. വന്ധ്യംകരണ ക്ളിനിക്കുകളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ ഒന്നിനു പുനരാരംഭിക്കാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഗ്രാമ/ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കലക്ടര്‍ നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ്-പഞ്ചായത്തുതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമുള്ള മോണിറ്ററിങ് കമ്മിറ്റി എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി രൂപവത്കരിക്കണം. ഓരോ പഞ്ചായത്തിലും ഉടമസ്ഥരില്ലാതെ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ എണ്ണം, നായ്ക്കള്‍ കൂട്ടമായി കാണുന്ന പ്രദേശം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്തുകള്‍ ശേഖരിക്കണം. നായ്ക്കളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലത്തെിക്കാന്‍ പ്രാപ്തിയും താല്‍പര്യവുമുള്ളവരെ കണ്ടെത്തേണ്ട ചുമതലയും പഞ്ചായത്തുകള്‍ക്കാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെ പ്രത്യേകിച്ചും യുവജനങ്ങളുടെ പങ്കാളിത്തം കമ്മിറ്റി ഉറപ്പുവരുത്തണം. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും വാഹനവും മൃഗസംരക്ഷണ വകുപ്പ് നല്‍കും. പരിയാരം, വാഴൂര്‍, കാഞ്ഞിരപ്പള്ളി, കടനാട്, വൈക്കം എന്നിവിടങ്ങളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏഴ് ജീവനക്കാരും ഓപറേഷനുള്ള സാങ്കേതികസൗകര്യവും ഒരുക്കിയിട്ടുള്ള ഓരോ കേന്ദ്രത്തിലും ദിനേന എട്ട് നായ്ക്കളെ വീതം വന്ധ്യംകരിക്കും. തുടര്‍ന്നുള്ള മൂന്നു ദിവസം ഭക്ഷണവും മരുന്നും നല്‍കി പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കും. തെരുവുനായ് നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യമായ കടമയാണെന്നും ഇതിനാവശ്യമായ തുക എല്ലാ ഗ്രാമ/ബ്ളോക് പഞ്ചായത്തുകളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു. യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജു സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സലീം ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.