ഭക്തിനിറവില്‍ മണര്‍കാട് റാസ; നടതുറക്കല്‍ ഇന്ന്

മണര്‍കാട്: മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് റാസയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പ്രധാന പള്ളിയില്‍ നടന്ന മധ്യാഹ്ന പ്രാര്‍ഥനയെ തുടര്‍ന്നാണ് റാസ തുടങ്ങിയത്. കുരിശടികള്‍ ചുറ്റി നടന്ന റാസ അഞ്ചുമണിക്കൂര്‍ നേരമെടുത്താണ് സമാപിച്ചത്. ആയിരക്കണക്കിന് വിശ്വാസികള്‍ വിവിധ വര്‍ണങ്ങളിലുള്ള മുത്തുക്കുടകള്‍ ഏന്തി റാസയില്‍ പങ്കെടുത്തു. 20ല്‍പരം വാദ്യമേള സംഘങ്ങളാണ് റാസക്ക് കൊഴുപ്പേകിയത്. അഞ്ച് ഗായകസംഘങ്ങളുടെ ഗാനാലാപനവും നടന്നു. മധ്യാഹ്ന പ്രാര്‍ഥനയെതുടര്‍ന്ന് പള്ളിയില്‍നിന്ന് പുറപ്പെട്ട പ്രദക്ഷിണം കണിയാംകുന്ന് കുരിശ്, മണര്‍കാട് കവല എന്നീ കുരിശടികളിലെ പ്രാര്‍ഥനക്കുശേഷം കരോട്ടെ പള്ളിയിലും പ്രാര്‍ഥന നടത്തിയശേഷമാണ് പള്ളിയില്‍ തിരികെ പ്രവേശിച്ചത്. റാസയുടെ മുന്‍നിരയില്‍ തടിക്കുരിശും കൊടിതോരണങ്ങളുമാണ് അണിനിരന്നത്. തൊട്ടുപിന്നിലായി പൊന്‍, വെള്ളിക്കുരിശുകള്‍, തുടര്‍ന്ന് മുത്തുക്കുടകള്‍, ഇടക്കിടെയായി വാദ്യമേള സംഘങ്ങളും ഗായക സംഘങ്ങളും അണിനിരന്നു. റാസയുടെ മുന്‍ഭാഗം തിരികെ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പിന്‍നിര കണിയാംകുന്ന് റോഡില്‍ എത്തിയിരുന്നതേയുണ്ടായിരുന്നുള്ളൂ. കടന്നുപോയ വഴികള്‍ക്കിരുവശത്തുമുള്ളവര്‍ ജാതിമത വ്യത്യാസമില്ലാതെ കന്യകാമറിയത്തിന്‍െറയും ഉണ്ണിയേശുവിന്‍െറയും ഛായാചിത്രങ്ങള്‍ അലങ്കരിച്ചുവെച്ചും മെഴുകുതിരി കത്തിച്ചും റാസയെ വരവേറ്റു. വഴികളില്‍ ഇരുവശവും കാണികളെ കൊണ്ടും നിറഞ്ഞിരുന്നു. മണര്‍കാട് കവലയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. പൊലീസ് വാഹനഗതാഗതം തിരിച്ചുവിട്ടെങ്കിലും യാത്രക്കാര്‍ ഏറെനേരം വഴിയില്‍ കുടുങ്ങി. ഫാ. ആന്‍ഡ്രൂസ് ചിരവത്താ കോര്‍ എപ്പിസ്കോപ്പ, ഫാ. വര്‍ഗീസ് കാവുങ്കല്‍, ഫാ. തോമസ് വേങ്കടത്ത് എന്നിവര്‍ റാസയെ അനുഗമിച്ചു. മണര്‍കാട് പള്ളിയിലെ പ്രത്യേകതയായ നടതുറക്കല്‍ ചടങ്ങ് ബുധനാഴ്ച മധ്യാഹ്ന പ്രാര്‍ഥനയെ തുടര്‍ന്ന് നടക്കും. ആയിരക്കണക്കിന് വിശ്വാസികളാവും നടതുറക്കല്‍ ദര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നത്. വ്യാഴാഴ്ച എട്ടുനോമ്പ് പെരുന്നാള്‍ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.