ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനടുത്ത് ബസ് ടെര്‍മിനല്‍ വേണം

ചങ്ങനാശേരി: ചങ്ങനാശേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റെയില്‍വേ സ്റ്റേഷനു സമീപം ബൈപാസില്‍ ഹബ് (വെയ്റ്റിങ് ഷെല്‍ട്ടര്‍) നിര്‍മിച്ച് ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ ളായിക്കാട്-പാലാത്രച്ചിറ ബൈപാസിലൂടെ തിരിച്ചു വിടണമെന്ന് ആവശ്യം. ഗതാഗതക്കുരുക്ക് ചങ്ങനാശേരിയുടെ തീരാശാപമായി മാറിയിരിക്കുകയാണ്. നാലുവഴികളുടെ സംയോജന കേന്ദ്രമായ സെന്‍ട്രല്‍ ജങ്ഷനിലാണ് ഏറ്റവും കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്നത്. പെരുന്ന മുതല്‍ എസ്.ബി കോളജുവരെയുള്ള ഭാഗങ്ങളില്‍ കെ.എസ്.ടി.പിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതുമൂലം റോഡില്‍ വീതികുറവാണ്. എറണാകുളം-ആലുവ മോഡലില്‍ ദീര്‍ഘദൂര ബസുകള്‍ എം.സി റോഡിനു സമാന്തരമായുള്ള ബൈപാസിലൂടെ തിരിച്ചുവിടാന്‍ കഴിയും. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് റോഡുള്ളതിനാല്‍ സ്റ്റേഷനില്‍ വന്നുപോകുന്ന യാത്രക്കാര്‍ക്ക് ഈ ബസ് ടെര്‍മിനല്‍ ഉപകാരപ്രദമായിരിക്കും. അതേസമയം, ആലപ്പുഴ ഭാഗത്തുനിന്നും വരുന്ന ബസുകളും ഇപ്പോള്‍ ചങ്ങനാശേരി ഡിപ്പോയില്‍നിന്നും ഓപറേറ്റ് ചെയ്യുന്ന ബസുകളും മറ്റ് ഡിപ്പോകളില്‍നിന്നും വരുന്ന ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളും ചങ്ങനാശേരി ടൗണിലൂടെ തന്നെ പോകണം. കെ.എസ്.ടി.പിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കല്‍ ഇനിയും രണ്ടുവര്‍ഷത്തിലേറെ സമയം ആവശ്യമുള്ളതിനാല്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ ദീര്‍ഘദൂര ബസുകള്‍ മാത്രം തിരിച്ചു വിട്ടാല്‍ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയും. ചങ്ങനാശേരിയില്‍നിന്നും മൂവാറ്റുപുഴയില്‍നിന്നും തെങ്ങണ, പുതുപ്പള്ളി, മണര്‍കാട്, കിടങ്ങൂര്‍, കടപ്ളാമറ്റം, മരങ്ങാട്ടുപിള്ളി, കുറിച്ചിത്താനം, ഉഴവൂര്‍, കൂത്താട്ടുകുളം വഴി കെ.എസ്.ആര്‍.ടി.സി ബസ്സര്‍വിസ് ആരംഭിക്കണം. വ്യാഴാഴ്ച ആരംഭിക്കുന്ന മണര്‍കാട് പള്ളി പെരുന്നാളിനത്തെുന്ന ഭക്തജനങ്ങള്‍ക്ക് ഈ സര്‍വിസ് ഉപകാരപ്രദമായതിനാല്‍ ഉടന്‍ സര്‍വിസ് ആരംഭിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രിക്കും കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സണ്ണി തോമസിനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. എം.സി റോഡിന് സമാന്തരമായി മണര്‍കാട് വഴിയുള്ള ഈ ബൈപാസ് മധ്യതിരുവിതാംകൂറിലെ ഏറ്റവും നല്ല റോഡാണ്. എം.സി റോഡിലൂടെ മൂവാറ്റുപുഴ എത്തുന്ന 53 കി.മീ. ദൂരത്തില്‍ തന്നെ ഗതാഗതക്കുരുക്ക് ഇല്ലാതെ നല്ലവഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയും എന്ന പ്രത്യേകതയും ഈ സര്‍വിസിനുണ്ട്. എം.സി റോഡിലെ തിരക്ക് ഒഴിവാകുന്നതിനും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സര്‍വിസ് ആരംഭിക്കുന്നതിനും ഈ റൂട്ട് ഉപകാരപ്രദമായിരിക്കും. കിഴക്കന്‍ പ്രദേശങ്ങളില്‍നിന്നും പായിപ്പാട് ഭാഗത്തുനിന്നും വരുന്ന ഏതാനും ബസുകള്‍ രാവിലെയും വൈകുന്നേരവും റവന്യൂ ടവര്‍വരെ സര്‍വിസ് നടത്താന്‍ നടപടി സ്വീകരിക്കണം. ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍ താലൂക്ക് ഓഫിസിലും മിനിസിവില്‍ സ്റ്റേഷനിലും എന്നാല്‍, പൊതുഗതാഗത സൗകര്യം ഉള്ളപ്പോള്‍ ചങ്ങനാശേരിയില്‍ മാത്രം അത് നിഷേധിക്കുകയാണ്. ആലപ്പുഴയില്‍നിന്ന് ചങ്ങനാശേരി ഭാഗത്തേക്കുവരുന്ന ഓര്‍ഡിനറി ബസുകളില്‍ ചിലത് ഇ.എം.എസ് റോഡിലൂടെ വന്ന് പുഴവാത് കൊട്ടാരം റോഡ് വഴി എന്‍.എസ്.എസ് ലൈബ്രറിയുടെ മുന്‍വശത്തുകൂടി മെയില്‍ റോഡില്‍ എത്താവുന്നവിധം തിരിച്ചുവിടണമെന്നും ആലപ്പുഴക്ക് മടങ്ങിപ്പോകുന്ന ചില ബസുകള്‍ റവന്യൂ ടവര്‍, കാവില്‍ ഭഗവതീക്ഷേത്രം വഴി തിരിച്ചുവിടണമെന്നും സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് ജോസഫ് പാണാടന്‍, ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.