പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളുടെ നിയന്ത്രണം നഗരസഭകള്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളുടെ നിയന്ത്രണം ഇനി നഗരസഭകള്‍ക്ക്. പത്തനംതിട്ടയും അടൂരുമടക്കം സംസ്ഥാനത്തെ 15 ജനറല്‍ ആശുപത്രികളാണ് നഗരസഭകള്‍ക്കു കൈമാറിയത്. മൂന്നെണ്ണം ആരോഗ്യവകുപ്പിനു കീഴില്‍ തുടരും. നഗരസഭകള്‍ക്കു കീഴിലാകുന്നതോടെ ജനറല്‍ ആശുപത്രികളുടെ വികസനത്തിന് ആരോഗ്യവകുപ്പില്‍നിന്നുള്ള ഫണ്ട് ലഭിക്കില്ല. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അധ്യക്ഷ പദവിയില്‍നിന്ന് കലക്ടര്‍ പിന്മാറുകയും ചെയ്യും. നഗരസഭാ അധ്യക്ഷനായിരിക്കും ചെയര്‍മാന്‍. ആശുപത്രിയുടെ വികസനാവശ്യങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതും നഗരസഭയുടെ ബജറ്റിലൂടെയായിരിക്കും. ജനറല്‍ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട ഫയലുകളും നഗരസഭാ കൗണ്‍സിലില്‍ പാസാക്കണം. അധികാര വികേന്ദ്രീകരണത്തോടെ ജില്ലാ ആശുപത്രികള്‍ ജില്ലാ പഞ്ചായത്തിനു കീഴില്‍ വന്നതോടെയാണ് സര്‍ക്കാര്‍ ഫണ്ട് നേരിട്ടു ലഭ്യമാക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ജില്ലാ ആസ്ഥാനങ്ങളിലെ ജില്ലാ ആശുപത്രികള്‍ ജനറല്‍ ആശുപത്രികളാക്കി ഉയര്‍ത്തിയത്. രാഷ്ട്രീയ ഇടപ്പെടല്‍ സംബന്ധിച്ച് ഡോക്ടര്‍മാരുടെ പരാതിയും മറ്റൊരു കാരണമായിരുന്നു. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജനറല്‍ ആശുപത്രികള്‍ മികച്ച ആശുപത്രികളുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഈ ജനറല്‍ ആശുപത്രികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.