കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ രാജി തള്ളി

കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. പ്രകാശ് കുമാറിന്‍െറ രാജി നിയമാനുസൃതമല്ലാത്തതിനാല്‍ തള്ളി. പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഒരേക്കറോളം വരുന്ന വണ്ടിപ്പേട്ടയിലെ ഭൂമിയില്‍ അഞ്ച് സെന്‍റ് സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ലെറ്റര്‍പാഡില്‍ എഴുതിയ രാജിക്കത്ത് ഫ്രണ്ട് ഓഫിസ് വഴി സെക്രട്ടറിക്ക് നല്‍കിയത്. വൈസ് പ്രസിഡന്‍റ് സ്ഥാനം തുടരാനാഗ്രഹിക്കുന്നില്ല എന്നെഴുതിയ കത്താണ് സെക്രട്ടറിക്ക് ലഭിച്ചത്. നിശ്ചിത ഫാറത്തിലും സെക്രട്ടറിയുടെ മുമ്പിലും വെച്ച് ഒപ്പിട്ടുനല്‍കുന്ന രാജിയാണ് സ്വീകരിച്ച് നടപടിയെടുക്കേണ്ടതിനാല്‍ ലെറ്റര്‍പാഡില്‍ നല്‍കിയ രാജി തള്ളുകയായിരുന്നുവെന്ന് സെക്രട്ടറി പറഞ്ഞു. വണ്ടിപ്പേട്ട ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറിയത് 15വര്‍ഷം മുമ്പ് ഒഴിപ്പിച്ചിരുന്നു. ഈ ഭൂമിയില്‍ അഞ്ച് സെന്‍റിന് കോയിക്കപറമ്പില്‍ അലക്സാണ്ടര്‍, കുപ്പക്കല്‍ തോമസ് മാത്യു എന്നീ രണ്ടുപേര്‍ പട്ടയം സമ്പാദിച്ചിരുന്നുവെന്നും ഈ ഭൂമി തങ്ങള്‍ക്ക് വിട്ടുതരണമെന്ന് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ദീര്‍ഘനാളത്തെ വ്യവഹാരത്തിനുശേഷം രണ്ടുപേര്‍ക്കും വണ്ടിപ്പേട്ടയിലോ ഈ വസ്തുവിന് സമാനമായ സ്ഥലം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വാങ്ങിനല്‍കുകയോ ചെയ്യണമെന്നാണ് ഹൈകോടതിയുടെ മാര്‍ച്ച് 31ലെ ഉത്തരവ്. കോടതി ഉത്തരവിന്മേല്‍ പഞ്ചായത്ത് അപ്പീല്‍ നല്‍കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ കമ്മിറ്റികളില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭരണസമിതി വേണ്ട ഉത്സാഹം എടുത്തില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നത്. അപ്പീല്‍ കൊടുക്കേണ്ട കാലാവധി ആയിട്ടും ഭരണനേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് നടപടി ഊര്‍ജിതമാക്കാതിരുന്നതിലും താന്‍ പ്രതിനിധീകരിക്കുന്ന ടൗണ്‍വാര്‍ഡില്‍പ്പെടുന്ന വണ്ടിപ്പേട്ടയിലെ ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്ന സാഹചര്യവും ഭരണസമിതിയുടെ കൂട്ടുത്തരവാദിത്തമില്ലാത്തതുമാണ് രാജിവെക്കാന്‍ ഇടയായതെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറികൂടിയായ പ്രകാശ് കുമാര്‍ പറഞ്ഞു. വണ്ടിപ്പേട്ടയില്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയത് 15വര്‍ഷം മുമ്പ് റവന്യൂ വകുപ്പാണ് നോട്ടീസ് നല്‍കിയതും ഒഴിപ്പിച്ചതും. തുടര്‍ന്നുണ്ടായ കോടതി വ്യവഹാരത്തില്‍ കോഴഞ്ചേരി പഞ്ചായത്ത് കക്ഷിചേരുകയായിരുന്നുവെന്നും അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത് യു.ഡി.എഫ് ആണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിനായി കേസ് ചുമതല ഏല്‍പിച്ചിരുന്ന വക്കീല്‍ എതിര്‍കക്ഷികള്‍ക്കനുകൂലമായി ഹൈകോടതിയുടെ വിധിയുണ്ടായത് അറിയിക്കാതിരുന്നതും കാലതാമസത്തിനിടയായിട്ടുണ്ട്. അന്വേഷണത്തില്‍ അറിഞ്ഞതനുസരിച്ച് മറ്റൊരു അഡ്വക്കേറ്റിനെ ചുമതലപ്പെടുത്തി അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും റവന്യൂ വകുപ്പിന്‍െറയും സര്‍ക്കാറിന്‍െറയും ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അതിനുള്ള ശ്രമത്തിലാണെന്നും പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്തിന്‍െറ ഒരുതുണ്ടു ഭൂമിപോലും മറ്റാര്‍ക്കും നല്‍കരുതെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും പ്രസിഡന്‍റ് പറഞ്ഞു. റവന്യൂ വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതായും കേസ് നടത്തുന്നതിനുവേണ്ടിയുള്ള മുന്‍ രേഖകള്‍ ലഭ്യമല്ലാതായിരിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.