കേന്ദ്രം കനിയുന്നില്ല; റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രവര്‍ത്തനം നിലച്ചു

കോട്ടയം: കേന്ദ്ര അവഗണനയെ തുടര്‍ന്ന് റബര്‍ ബോര്‍ഡിന്‍െറ കീഴിലെ റബര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രവര്‍ത്തനം നിലച്ചു. പണം ഇല്ലാത്തതിനാല്‍ ഗവേഷണങ്ങള്‍ പൂര്‍ണമായി മുടങ്ങി. ബജറ്റ് വിഹിതം ദൈനംദിനപ്രവര്‍ത്തനത്തിനു തന്നെ തികയാത്തതിനാല്‍ കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതോടെ റബര്‍ ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ നേതൃത്വത്തില്‍ പുതിയ തൈകളുടെ വളര്‍ച്ചയും ഉല്‍പാദനവും പഠിക്കാന്‍ സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളില്‍ സ്ഥാപിച്ച പരീക്ഷണ തോട്ടങ്ങളിലേക്ക് പോകാന്‍ യാത്രക്കൂലിപോലും ജീവനക്കാര്‍ക്ക് അനുവദിക്കുന്നില്ല. ഇതോടെ ഇവയും നാശത്തിന്‍െറ വക്കിലാണ്. മികച്ച റബര്‍ തൈകളുടെ കണ്ടുപിടിത്തം, രോഗ-കീട നിയന്ത്രണം, പ്രതിവിധി, റബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍, മണ്ണ് പരിശോധന, ശാസ്ത്രീയ റബര്‍ കൃഷി, വളപ്രയോഗം തുടങ്ങി നിരവധി ഗവേഷണങ്ങളാണ് കോട്ടയത്തെ റബര്‍ ബോര്‍ഡിനൊപ്പമുള്ള ഗവേഷണ കേന്ദ്രത്തില്‍ നടന്നിരുന്നത്. റബര്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടത്തൊനുള്ള റിമോട്ട് സെന്‍സിങ് ജോലികളും നിലച്ചു. മെഡിക്കല്‍ അലവന്‍സടക്കം ജീവനക്കാരുടെ നിരവധി അനുകൂല്യങ്ങളും തടഞ്ഞു. പുറമെ, കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്ന ബോര്‍ഡിനു കീഴിലുള്ള ഫീല്‍ഡ് ഓഫിസര്‍മാരുടെ പ്രവര്‍ത്തനവും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സജീവമല്ല. റബര്‍ ബോര്‍ഡിന്‍െറ പ്രധാന ഓഫിസിന്‍െറ പ്രവര്‍ത്തനം കോട്ടയത്തുനിന്ന് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായാണ് സാമ്പത്തികമായി വരിഞ്ഞുമുറക്കുന്നതെന്നാണ് സൂചന. കേരളത്തിലാണ് ബോര്‍ഡിന്‍െറ ആസ്ഥാനമെങ്കിലും ഇവിടുത്തെക്കാള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതമായി അനുവദിക്കുന്ന തുകയുടെ 60-70 ശതമാനംവരെയും ചെലവഴിക്കുന്നതും ഇവിടെയാണ്. ഇത്തവണ റബര്‍ ബോര്‍ഡ് 300 കോടിയാണ് അവശ്യപ്പെട്ടതെങ്കിലും ബജറ്റില്‍ 137.75 കോടി മാത്രമാണ് വിഹിതമായി അനുവദിച്ചത്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളം, ഗവേഷണം, സബ്സിഡി, പരിശീലനം തുടങ്ങിയവക്ക് അനുവദിച്ച പണം തികയില്ളെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ബജറ്റില്‍ 161.75 കോടി വിഹിതമുണ്ടായിരുന്നിട്ടും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സഹായം ആവശ്യപ്പെട്ട് റബര്‍ ബോര്‍ഡ് വാണിജ്യമന്ത്രാലയത്തെ പലതവണ സമീപിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. റബര്‍ പുനര്‍കൃഷിക്ക് നല്‍കിയിരുന്ന സബ്സിഡി ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് നല്‍കിവന്ന നിലവധി ആനുകൂല്യങ്ങളും റബര്‍ ബോര്‍ഡ് നിര്‍ത്തി. ഹെക്ടറിന് 25,000 രൂപയാണ് സബ്സിഡിയായി വിതരണം ചെയ്തിരുന്നത്. ഈവര്‍ഷം സബ്സിഡിക്കുള്ള അപേക്ഷ സ്വീകരിക്കാന്‍പോലും തയാറായിട്ടില്ല. കഴിഞ്ഞവര്‍ഷം അപേക്ഷകള്‍ സ്വീകരിച്ചിരുന്നെങ്കിലും ആനുകൂല്യം വിതരണം ചെയ്തില്ല. ഓരോ കിലോ റബറിനും സെസ് ഇനത്തില്‍ രണ്ടുരൂപ ഈടാക്കുന്നുണ്ട്. ഈ ഇനത്തില്‍ കോടികളാണ് റബര്‍ ബോര്‍ഡ് പിരിച്ച് കേന്ദ്രസര്‍ക്കാറിനു കൈമാറുന്നത്. ഇതിന്‍െറയൊരു വിഹിതം അനുവദിച്ചാല്‍തന്നെ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുപോകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.