കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടില്‍

രാജാക്കാട്: കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി കാന്തല്ലൂരിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൃഷിയിടത്തില്‍ ഇറങ്ങിയത് 15 ആനകള്‍. 45 കര്‍ഷകരുടെ അമ്പതേക്കറോളം സ്ഥലത്തെ കൃഷി പൂര്‍ണമായി നശിപ്പിച്ചു. കാട്ടാനശല്യത്തില്‍ പൊറുതിമുട്ടി കൃഷി ഉപേക്ഷിച്ച് പേകേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്. കഴിഞ്ഞ രണ്ടുമാസമായി കാന്തല്ലൂര്‍ മറയൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിച്ച് നട്ടുപരിപാലിച്ച കൃഷിയില്‍നിന്ന് വിളവെടുക്കാന്‍ കഴിയുന്നില്ല. ഡസനിലധികം വരുന്ന ആനകളാണ് കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് എത്തുന്നത്. വരള്‍ച്ച രൂക്ഷമായതോടെ കാട്ടില്‍ തീറ്റയും വെള്ളവും ഇല്ലാതായതോടെയാണ് ഇവ കൃഷിയിടങ്ങളിലേക്ക് മേയാനിറങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കാന്തല്ലൂര്‍ ആടിവയല്‍ ഭാഗത്ത് പതിനഞ്ചോളം വരുന്ന കാട്ടാനക്കൂട്ടമാണ് തമ്പടിച്ചത്. ഇവിടെ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു. വാഴക്കൊപ്പം ബീന്‍സ്, കാബേജ്, കാരറ്റ് എന്നിവയും തകര്‍ത്തു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് കാട്ടാനശല്യം മൂലം സ്ഥലം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയാണെന്നും കാട്ടാനക്കൂട്ടം വീണ്ടുമത്തെുമെന്ന ഭീതിയിലാണെന്നും കര്‍ഷകര്‍ പറയുന്നു. കൃഷി, വനംവകുപ്പുദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ളെന്ന ആക്ഷേപവും ഉണ്ട്. കാട്ടാനകള്‍ ഇറങ്ങാതിരിക്കാന്‍ സോളാര്‍ വേലി അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയില്ളെങ്കില്‍ മലയിറങ്ങേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.