വിളകള്‍ കരിഞ്ഞുണങ്ങുന്നു കര്‍ഷകര്‍ നെട്ടോട്ടത്തില്‍

കോട്ടയം: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ വന്‍ തളര്‍ച്ച. മഴ കുറഞ്ഞതോടെ കുടിവെള്ളം മുതല്‍ വൈദ്യുതി ഉല്‍പാദനംവരെയുള്ള സര്‍വമേഖലകളിലും വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നതായാണ് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട്. 70-80 ശതമാനം മേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നു കലക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളെ കാത്തിരിക്കുന്നത് ഗുരുതരപ്രതിസന്ധിയാണെന്ന് സംസ്ഥാന വരള്‍ച്ചാനിവാരണ നിരീക്ഷണ സെല്ലിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കിണറുകളും കുളങ്ങളും 80-90 ശതമാനത്തോളം വറ്റിവരണ്ടതോടെ മലയോര ജില്ലകളില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്. കുരുമുളക്, ഏലം, ഇഞ്ചി, പച്ചക്കറിയടക്കം മിക്ക കൃഷികളും ഉണങ്ങി നശിച്ചു. പച്ചക്കറിക്കാണ് നഷ്ടം ഏറെ. വിലയിടിവില്‍ നട്ടം തിരിയുമ്പോഴാണ് ഇരുട്ടടിയായി കാലവര്‍ഷവും ചതിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതായിരുന്നു സ്ഥിതി. അന്നും നഷ്ടം കോടികളായിരുന്നു. കൃഷിക്കായി ലക്ഷങ്ങള്‍ വായ്പയെടുത്ത ആയിരങ്ങള്‍ മുതലും പലിശയും തിരിച്ചടക്കാനാവാതെ ദുരിതത്തിലാണ്. മഴ കുറയുകയും കാര്‍ഷിക ഉല്‍പന്നങ്ങള്‍ കരിഞ്ഞുണങ്ങുകയും ചെയ്തിട്ടും സര്‍ക്കാറോ ബന്ധപ്പെട്ട ഏജന്‍സികളോ ഇടപെടുന്നില്ളെന്ന പരാതിയും ശക്തമാണ്. കിഴക്കന്‍ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിനു കൃഷിഭൂമി ജലാംശമില്ലാതെ വരണ്ടുണങ്ങിയെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൃഷിവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിശദ റിപ്പോര്‍ട്ട് അയച്ചിട്ടും ധനസഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇക്കുറി മഴയില്‍ 35 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. മഴ നന്നായി കിട്ടുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. അതിനാല്‍ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ആരും ചിന്തിച്ചതുമില്ല. 204 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 135 സെ.മീ. മാത്രം. തുലാവര്‍ഷം ശക്തമാകാത്ത സാഹചര്യത്തില്‍ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് ആശങ്ക. വരള്‍ച്ച ബാധിതമായി കാണുന്ന അഞ്ചു ജില്ലകളില്‍ പരമാവധി 60 ശതമാനംവരെ മഴ കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. അതിനിടെ, കുഴല്‍കിണറുകള്‍ കുഴിക്കുന്നതടക്കം ജലം പാഴാക്കുന്നതിനെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ജലവിനിയോഗത്തിനു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭൂഗര്‍ഭ, ജലവിഭവവകുപ്പുകളും തീരുമാനിച്ചിട്ടുണ്ട്. കേടായ പൈപ്പുകള്‍ മാറ്റിയും വിതരണം കാര്യക്ഷമമാക്കിയും ജലസംരക്ഷണ നടപടി ഊര്‍ജിതമാക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. പുതിയ കുഴല്‍കിണര്‍ കുഴിക്കാനും ആഴം കൂട്ടാനും വ്യാപകമായി അനുമതി നല്‍കരുതെന്നും ഭൂഗര്‍ഭ ജലവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.