കോട്ടയം നഗരസഭ കൗണ്‍സിലില്‍ ബഹളം

കോട്ടയം: ഇല്ലിക്കലില്‍ മൈതാനം മണ്ണിട്ടുയര്‍ത്തിയതിലും വശങ്ങളിലെ ഭിത്തി നിര്‍മിച്ചതിലും അഴിമതി നടന്നെന്ന പ്രതിപക്ഷാരോപണത്തെ ചൊല്ലി കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ക്രമക്കേട് കണ്ടത്തെിയ നഗരസഭയുടെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്‍െറ 2013-14 വര്‍ഷത്തെ റിപ്പോര്‍ട്ട് സഹിതമാണ് പ്രതിപക്ഷാംഗം അഡ്വ. ഷീജ അനില്‍ ആരോപണമുന്നയിച്ചത്. വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവക്കാന്‍ മണ്ണിട്ടുയര്‍ത്തണമെന്ന തീരുമാനം നടപ്പായില്ല. നഗരസഭയുടെ പണമുപയോഗിച്ച് മതിലിന്‍െറ അടിത്തറ മാത്രമാണ് നിര്‍മിച്ചത്. ഭിത്തി കെട്ടിയത് വ്യക്തികളാണ്. തുക ദുര്‍വ്യയം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനെതിരെ ഭരണപക്ഷം രംഗത്തത്തെിയതോടെയായിരുന്നു ബഹളം. തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ ചെയര്‍പേഴ്സണിന് കത്തും നല്‍കി.നഗരസഭയുടെ കൊയ്ത്ത് യന്ത്രത്തിന്‍െറ സ്റ്റാര്‍ട്ടര്‍, ഡീസല്‍ പമ്പ് തുടങ്ങിയവ മോഷണംപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന് നാട്ടകം മേഖലയില്‍നിന്നുളള കൗണ്‍സിലര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അങ്ങനെയൊന്ന് അറിഞ്ഞില്ളെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായിരുന്ന യന്ത്രം സംരക്ഷിക്കുന്നതിലുണ്ടായ അലംഭാവത്തില്‍ നടപടിയെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ നാട്ടകം എക്സിക്യൂട്ടിവ് എന്‍ജിനീയറോട് നഗരസഭ അധ്യക്ഷ പി.ആര്‍. സോന ആവശ്യപ്പെട്ടു. നഗരസഭയുടെ കടമുറികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്വേഷണം വേണമെന്ന് വൈസ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിശ്ചിതസമയത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയാറാക്കാന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. ലൈസന്‍സ് നേടിയവര്‍ മുറികള്‍ മറിച്ചുവില്‍ക്കുകയാണെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു തീരുമാനം. നാട്ടകം മേഖല ഓഫിസിന് സമീപത്തെ ഭൂമി കൈയേറി ഷെഡ് നിര്‍മിച്ചതായുള്ള ഭരണപക്ഷ അംഗത്തിന്‍െറ ആരോപണം യോഗത്തെ ചൂടുപിടിപ്പിച്ചു. നഗരസഭക്ക് വിവിധയിടങ്ങളിലുള്ള ഭൂമി പലരും കൈയേറിയിട്ടുണ്ടെന്നും അവ തിരിച്ചുപിടിക്കണമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 78 അജണ്ടകളാണ് ചര്‍ച്ച ചെയ്തത്. മറ്റു വിഷയങ്ങള്‍ കൂടിയായപ്പോള്‍ യോഗം മൂന്നുമണിക്കൂറിലേറെ നീണ്ടു. പ്രതിപക്ഷ നേതാവ് സി.എന്‍. സത്യനേശന്‍, എം.പി. സന്തോഷ്കുമാര്‍, ഇ. ശങ്കരന്‍, എന്‍. ഹരി, ടി.സി. റോയി, ഗോപകുമാര്‍, ടിനോ, ജ്യോതി, കെ.കെ. ശ്രീമോന്‍, വി.വി. ഷൈല, പി.എന്‍. സരസമ്മാള്‍, സനല്‍ കാണക്കാലില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.