വൈക്കം തവണക്കടവില്‍ തകര്‍ന്ന ബോട്ടുകള്‍ സര്‍വിസ് നടത്തുന്നു

വൈക്കം: വേമ്പനാട്ടുകായലിലൂടെയുള്ള വൈക്കം-തവണക്കടവ് ബോട്ട് സര്‍വിസ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. യാത്ര സുരക്ഷിതമല്ലാത്ത പലക ബോട്ടുകളാണ് ഇവിടെ ഇപ്പോഴും സര്‍വിസ് നടത്തുന്നതെന്ന പരാതി വ്യാപകമാണ്. ഇവിടെ സര്‍വിസ് നടത്തിയിരുന്ന എ 89 എന്ന ബോട്ട് വെള്ളക്കേട് മൂലം ജെട്ടിയില്‍ കെട്ടിയിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. എ. 87 എന്ന ബോട്ട് സിനിമ ഷൂട്ടിങ്ങിനിടെ ഷാഫ്റ്റ് ഒടിഞ്ഞ് പ്രൊപ്പല്ലറും എന്‍ജിന്‍ പലകയും തകര്‍ത്തതിനത്തെുടര്‍ന്ന് സര്‍വിസ് നടത്താനാകാതെവന്ന ബോട്ടും വൈക്കത്തത്തെിച്ചു. ഈ ബോട്ട് കരക്കുകയറ്റി പരിശോധന നടത്തി ട്രാഫിക് സൂപ്രണ്ട് അനുമതി നല്‍കിയാലെ ബോട്ട് ഓടിക്കാന്‍ പറ്റൂ. എന്നാല്‍, ഈ ബോട്ടും ഓടിക്കാന്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തുകയാണ്. എറണാകുളം ജില്ലയില്‍ പലകയടിച്ച ബോട്ട് ഓടിക്കാന്‍ പാടില്ല എന്നതുകൊണ്ട് പഴകിയതും തകര്‍ന്നതും വെള്ളച്ചോര്‍ച്ചയുമുള്ള ബോട്ടുകളാണ് വൈക്കത്തേക്ക് പറഞ്ഞുവിടുന്നത്. ഇവിടെ ഉണ്ടായിരുന്ന മൂന്ന് സ്റ്റീല്‍ ബോട്ടുകള്‍ എറണാകുളത്തേക്ക് മാറ്റുകയും ചെയ്തു. മഴക്കാലത്ത് ജീവനക്കാര്‍ വെള്ളം അകത്തുനിന്ന് കോരിയശേഷം വേണം സര്‍വിസ് നടത്താന്‍. വാട്ടര്‍ പമ്പ് ഇല്ലാത്തതുമൂലം സര്‍വിസ് നിലക്കുന്ന ഇവിടെ കോടികള്‍ മുടക്കി കേരളത്തിലെ എല്ലാ ബോട്ടുകളിലും യൂറോപ്യന്‍ ക്ളോസറ്റ് നിര്‍മാണത്തിന് അധികൃതര്‍ വ്യഗ്രതകാണിക്കുന്നു. വൈക്കത്തെ മൂന്ന് ബോട്ടുകളില്‍ 1,70,000 രൂപ മുടക്കി മൂന്ന് യൂറോപ്യന്‍ ക്ളോസറ്റ് നിര്‍മിച്ചു. സര്‍വിസ് നടത്താത്ത ബോട്ടിനുവരെ ഈ സംവിധാനം സ്ഥാപിച്ചു. ഇതിലെ അപാകതമൂലം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്. യാര്‍ഡില്‍ കയറ്റി ബോട്ട് പണിതശേഷമെ ഓടിക്കാവൂ എന്ന് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ജീവനക്കാരെ ഈ തകര്‍ന്ന ബോട്ടുകള്‍ ഓടിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിക്കുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് യാത്രക്കാര്‍ പോകുന്ന ഈ ജെട്ടിയില്‍ രണ്ട് ബോട്ട് മാത്രമാണ് സര്‍വിസ് നടത്തുന്നത്. യാത്രക്കാര്‍ ഭൂരിഭാഗവും തദ്ദേശീയര്‍ അല്ലാത്തതുകൊണ്ട് സര്‍വീസിലെ അപാകതയില്‍ പരാതികള്‍ ഉയരുന്നത് വിരളമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.