മാതൃക ഡിപ്പോ പേരില്‍ മാത്രം; സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നു

പാലാ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. മാതൃകാ ഡിപ്പോയായി പ്രഖ്യാപിച്ച ഇവിടെ ജീവനക്കാരുടെ കുറവുമൂലം സര്‍വിസുകള്‍ വ്യാപകമായി വെട്ടിക്കുറക്കുകയാണ്. ആകെയുള്ള 90 ഷെഡ്യൂളുകളില്‍ മിക്ക ദിവസങ്ങളിലും 75 സര്‍വിസുകള്‍ മാത്രമാണ് നടത്തുന്നത്. ദീര്‍ഘദൂര സര്‍വിസുകളായ ശാന്തമ്പാറ, പാലക്കാട് എന്നിവ മുടങ്ങുന്നത് പതിവാണ്. സ്റ്റേ സര്‍വിസ് പോകാനുള്ള സ്ഥിരം ജീവനക്കാരുടെ മടിയും സര്‍വിസ് മുടക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എം പാനല്‍ ജിവനക്കാരില്ളെങ്കില്‍ ഡിപ്പോയുടെ പ്രവര്‍ത്തനം താറുമാറാകുന്നതാണ് സ്ഥിതി. ജിവനക്കാരുടെ സംഘടനകളാണ് ഡിപ്പോ ഭരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. 75 സര്‍വിസുകളില്‍ കൂടുതലുള്ള ഡിപ്പോയില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ നിയമിക്കേണ്ടതാണ്. എന്നാല്‍ യൂനിയനുകളുടെ നിയന്ത്രണം നഷ്ടമാകാതിരിക്കാന്‍ ഈ നിയമനം ഇതുവരെയും നടത്തിയിട്ടില്ല. പുതിയ സര്‍വിസുകളുടെ ഡ്യൂട്ടി തീരുമാനിക്കുന്നതും കിലോമീറ്റര്‍ നിശ്ചയിക്കുന്നതും യൂനിയന്‍ നേതാക്കളാണ്. പാലാ-പൊന്‍കുന്നം ചെയിന്‍ സര്‍വിസിന്‍െറ ഷെഡ്യൂള്‍ പരിഷ്കരിക്കാത്തത് ജീവനക്കാരുടെ പിടിവാശിമൂലമാണെന്നും ആക്ഷേപമുണ്ട്. പാലാ-പൊന്‍കുന്നം സര്‍വിസ് ആറ് ട്രിപ്പില്‍നിന്ന് ഏഴ് ട്രിപ്പാക്കി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ കലക്ഷന്‍ കിട്ടുമെന്ന് യാത്രക്കാര്‍ പറയുന്നു. ഹൈവേ നിലവാരത്തില്‍ പുതുക്കിപ്പണിത പാലാ-പൊന്‍കുന്നം റോഡിലൂടെ സ്വകാര്യബസുകള്‍ക്ക് പിന്നാലെ ഇഴഞ്ഞിഴഞ്ഞാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നത്. 22 കിലോമീറ്റര്‍ ഓടിയത്തൊന്‍ 55 മിനിറ്റാണ് എടുക്കുന്നത്. ഉടന്‍ ഷെഡ്യൂള്‍ പരിഷ്കരിച്ചില്ളെങ്കില്‍ ചെയിന്‍ സര്‍വിസിനെ പൂര്‍ണമായും യാത്രക്കാര്‍ കൈവിടുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍, സ്വാധീനങ്ങള്‍ക്ക് വഴങ്ങി പാലാക്കാര്‍ക്ക് ഉപകാരമില്ലാത്ത എറണാകുളം വഴിയുള്ള തിരുവമ്പാടി, കോഴിക്കോട് പോലുള്ള സര്‍വിസുകള്‍ ഏറ്റെടുക്കേണ്ടി വന്നതാണ് ജീവനക്കാരുടെ കുറവിന് കാരണമായി തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റു ഡിപ്പോകള്‍ നടത്തേണ്ടിയിരുന്ന സര്‍വിസുകള്‍ പാലാ ഡിപ്പോയുടെ മേല്‍ കെട്ടിവെക്കുകയായിരുന്നുവത്രേ. എന്നാല്‍ 24 മണിക്കൂറും പാലക്കാര്‍ക്കു ബസ് സര്‍വിസ് ലഭ്യമാക്കാനാണ് ശ്രമിച്ചതെന്ന് പുതിയ സര്‍വിസുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എറണാകുളം വഴിയുള്ള തിരുവമ്പാടി സര്‍വിസ് തിരുവമ്പാടി ഡിപ്പോ നടത്തുന്നതാണ് അനുയോജ്യമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പാലാ ഡിപ്പോയിലെ ജീവനക്കാര്‍ തിരുവമ്പാടിയില്‍ രാത്രി തങ്ങുന്നതുമൂലം സ്റ്റേ അലവന്‍സ് നല്‍കേണ്ടിവരുന്നു. ഉച്ചക്ക് 12.40നാണ് സര്‍വിസ് പാലായില്‍നിന്ന് ആരംഭിക്കുന്നത്. വെളുപ്പിന് 4.15ന് തിരുവമ്പാടിയില്‍നിന്ന് മടങ്ങും. തിരുവമ്പാടി ഡിപ്പോ സര്‍വിസ് നടത്തിയാല്‍ രാവിലെ തുടങ്ങി വൈകീട്ട് അവസാനിപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.